പടിഞ്ഞാറേകല്ലട: പടി. കല്ലട പഞ്ചായത്ത് ഭരണസമിതിയുടെ ഒന്നാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് വിവിധ പദ്ധതികൾക്ക് തുടക്കം കുറിച്ചു. സ്മാർട്ട് അങ്കണവാടിക്ക് തറക്കല്ലിടീൽ, നിർദ്ധനരായ രോഗികൾക്ക് ചികിത്സാ സഹായം നൽകൽ, ഡിജിറ്റൽ ലൈബ്രറി, വിജയവീഥി പഠനകേന്ദ്രം, കായൽ ഹെറിറ്റേജ് ഗ്രാമം, ടേക്ക് എ ബ്രേക്ക് തുടങ്ങിയ പദ്ധതികൾക്കാണ് തുടക്കംകുറിച്ചത്. പഞ്ചായത്ത് ഹാളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വിവിധ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം കെ. സോമപ്രസാദ് എം.പി. നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽ. സുധ, ഗ്രാമ പഞായത്ത് അംഗങ്ങളായ കെ. സുധീർ, ഉഷാലയം ശിവരാജൻ, അംബികാ കുമാരി എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ. സീമ നന്ദി പറഞ്ഞു.