കൊല്ലം: വേലിയേറ്റത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും ഗതികേടിൽ ഉഴറുന്ന മൺറോത്തുരുത്തിലേക്ക് 2018ൽ ആരംഭിച്ച റോഡ് നിർമ്മാണം മുട്ടിലിഴഞ്ഞിട്ടും അധികൃതർ ഗൗനിക്കുന്നില്ല. വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നായ മൺറോത്തുരുത്തിലേക്ക് വഴിതുറക്കുന്ന കുണ്ടറ പളളിമുക്ക്- മൺറോതുരുത്ത് റോഡ് നിർമ്മാണമാണ് എങ്ങുമെത്താതെ നിൽക്കുന്നത്.
നിർമ്മാണത്തിൽ ഉഴപ്പുന്ന കരാറുകാരനെ ഒഴിവാക്കി ജോലി റീടെൻഡർ ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉറപ്പ് നൽകിയിട്ടും കരാറുകാരനെ മാറ്റിയില്ല, റോഡ് നിർമ്മാണം പൂർത്തിയായതുമില്ല. കോവൂർ കുഞ്ഞുമോൻ നിയമസഭയിൽ നൽകിയ സബ്മിഷനുള്ള മറുപടിയിലായിരുന്നു മന്ത്രിയുടെ ഉറപ്പ്. എന്നാൽ ഇതു പാലിക്കാതെ നിലവിലെ കരാറുകാരനെത്തന്നെ തുടർന്നും ജോലികൾ ഏല്പിച്ചു. രണ്ടു മാസത്തിനിടെ ഒരു കിലോമീറ്റർ ദൂരത്തിൽ തൂമ്പുംമുഖം മുതൽ ഇടിയേക്കടവ് വരെ അരയടി ഉപരിതലം ഉയർത്തി. പേഴുംതുരുത്ത് മുതൽ തൂമ്പുംമുഖം വരെ നേരത്തെ ജോലികൾ പൂർത്തിയാക്കിയിരുന്നു. കുണ്ടറ പള്ളിമുക്ക് മുതൽ ചിറ്റുമല വരെ റോഡ് ദേശീയ പാതയായതിനാൽ യാത്ര ദുഷ്കരമല്ല. തുടർന്നാണ് ദുരിതയാത്ര.
14 കിലോമീറ്റർ വരുന്ന റോഡിന്റെ 5 കിലോമീറ്റർ മാത്രമാണ് സഞ്ചാരയോഗ്യം. മൺറോതുരുത്ത് കാനറാ ബാങ്ക് മുതൽ കാരൂത്രക്കടവ്, റെയിൽവേ സ്റ്റേഷൻ വരെയും കാനറാ ബാങ്ക് മുതൽ കൊച്ചുപ്ളാംമൂട് വരെയുള്ള ഭാഗവും തീർത്തും സഞ്ചാരയോഗ്യമല്ലാതായി. റോഡ് തകർന്നു കിടക്കുന്നതിനാൽ സ്വകാര്യ ബസുകൾ കാനറാ ബാങ്ക് ജംഗ്ഷനിൽ ഓട്ടം അവസാനിപ്പിക്കുകയാണ്. ഓട്ടോറിക്ഷകളും ഇതുവഴിയെത്തുന്നില്ല. അതുകൊണ്ടുതന്നെ റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രയും വലയുകയാണ്.
............................................
നിർമ്മാണ ജോലി ആരംഭിച്ചത്: 2018ൽ
കരാർ തുക: 24 കോടി.
റോഡിന്റെ ദൂരം: 14 കിലോമീറ്റർ
സഞ്ചാരയോഗ്യ: 5 കിലോമീറ്റർ
................................................
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി മന്ത്രി ജി. സുധാകരനാണ് ജോലി ഉദ്ഘാടനം ചെയ്തത്. റോഡ് ഇളകി കുണ്ടും കുഴിയുമായതോടെ ദുരിതം തുടങ്ങി. ഞാങ്കടവ് പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നത് തുടക്കത്തിൽ ജോലികളെ ബാധിച്ചു. കരാറുകാർ ജോലി ഉപേക്ഷിക്കുന്ന സ്ഥിതിയിലെത്തി .പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊതുമരാമത്ത് ഓഫീസ് ഉപരോധം അടക്കമുള്ള സമരപരിപാടികൾ നടത്തി. റോഡ് പുനരുദ്ധാരണത്തിനുള്ള സാമഗ്രികൾ ഇറക്കാൻ സ്ഥലപരിമിതിയും പ്രശ്നമാണ്. പ്രദേശത്തെ ഒരു വ്യക്തിയുടെ ഭൂമിയിൽ സാധനങ്ങൾ ഇറക്കിയെങ്കിലും പ്രളയകാലത്ത് ഭൂമി ഇരുന്നത് തർക്കത്തിനിടയാക്കി. കാനറാ ബാങ്ക്, കാരൂത്രക്കടവ് ഭാഗങ്ങളിൽ ഭൂമി വിട്ടു നൽകാത്തതും റോഡ് നിർമ്മാണത്തിൽ പ്രശ്നങ്ങൾ സ്യഷ്ടിക്കുന്നു.
റോഡിന്റെ പുനരുദ്ധാരണ ജോലികൾ എത്രയും വേഗം തീർത്ത് ജനങ്ങളുടെ ദുരിതം
അവസാനിപ്പിക്കണം
അഡ്വ. ശിവപ്രസാദ്, പഞ്ചായത്ത് മുൻ പ്രസിഡന്റ്