
കൊല്ലം: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ബൈലാ ഭേദഗതി വൈകിപ്പിക്കുന്നതിന് പിന്നിൽ ഗൂഢനീക്കമുണ്ടെന്ന ആരോപണം ശക്തം. നിലവിലെ ജനാധിപത്യ ഭരണസമിതിയുടെ കാലാവധി അവസാനിച്ച ശേഷം ഇഷ്ടക്കാരെ ഉൾപ്പെടുത്തി പ്രത്യേക അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ച്, ബൈലാ ഭേദഗതി ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ആരോപണം.
ക്ഷേത്ര വരുമാനത്തിന്റെ അമ്പത് ശതമാനം സ്ഥാനി വിഭാഗക്കാർക്ക് നൽകുന്ന കീഴ്വഴക്കവുമായി ബന്ധപ്പെട്ട് ഈ വിഭാഗക്കാരും മാറിവരുന്ന ഭരണസമിതികളും തമ്മിൽ വർഷങ്ങളായി കേസ് നടക്കുകയാണ്. ഇതിനിടെ ബൈലായിൽ വ്യവസ്ഥയില്ലാതെ വരുമാനം പങ്കിട്ട് നൽകുന്നത് ശരിയല്ലെന്ന് ജില്ലാ കോടതി വിധി പുറപ്പെടുവിച്ചു. ഇതിനെതിരെ സ്ഥാനി വിഭാഗക്കാർ ഹൈക്കോടതിയെ സമീപിച്ചു. ഈ കേസിലാണ് ഹൈക്കോടതി ബൈലാ ഭേദഗതിക്ക് 2020 മാർച്ചിൽ അഡ്മിനിസ്ട്രേറ്ററായി റിട്ട. ഹൈക്കോടതി ജഡ്ജി എ.വി. രാമകൃഷ്ണപിള്ളയെ നിയോഗിച്ചത്. ബൈലായിൽ ഉൾപ്പെടുത്തി കീഴ്ക്കോടതി ആധികാരികമായി സ്ഥിരീകരിച്ച ശേഷമേ വരുമാനം പങ്കിടാൻ പാടുള്ളുവെന്നായിരുന്നു ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിധി. വരുമാനം പങ്കിടാൻ ആധികാരിക രേഖകളുണ്ടോ എന്നും വിധിയിൽ ചോദ്യമുന്നയിച്ചിരുന്നു.
കുറ്റമറ്റനിലയിൽ ഭരണസമിതി രൂപീകരിക്കാനുള്ള വ്യവസ്ഥകൾ ബൈലായിൽ ഉൾപ്പെടുത്തണമെന്നും അതിനുശേഷമേ അടുത്ത തിരഞ്ഞെടുപ്പ് നടത്താൻ പാടുള്ളൂവെന്നും വിധിയിൽ പറഞ്ഞിരുന്നു. ഭരണസമിതി അംഗങ്ങളിൽ നിന്നു അഭിപ്രായം സ്വീകരിച്ചതൊഴിച്ചാൽ ബൈലാ ഭേദഗതിക്കുള്ള മറ്റൊരു നടപടിയും ഇതുവരെ നടന്നിട്ടില്ല. നിലവിലെ ഭരണസമിതിക്ക് ഇനി നാല് മാസം കൂടിയേ കാലാവധിയുള്ളു. ബൈലാ ഭേദഗതി പൂർത്തിയാകാത്തതിനാൽ തിരഞ്ഞെടുപ്പ് നടക്കില്ല. ഇതോടെ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കേണ്ടി വരും. ഈ സാഹചര്യം സൃഷ്ടിക്കാൻ ബോധപൂർവ്വം ഭേദഗതി വൈകിപ്പിക്കുന്നുവെന്നാണ് ആരോപണം.
 പ്രതിവർഷം 60 ലക്ഷം
പ്രതിവർഷം 60 ലക്ഷം രൂപയോളമാണ് ക്ഷേത്ര വരുമാനത്തിൽ നിന്നു സ്ഥാനി സമുദായത്തിനായി പോകുന്നത്. അരിവണ്ണൂർ, പള്ളിയമ്പിൽ കളയ്ക്കാട് എന്നീ രണ്ട് നായർ കുടുംബങ്ങൾക്ക് കിഴക്കേ ആൽത്തറയിലേയും ഐക്കരവള്ളിൽ കുടുംബത്തിലെ ഒന്നും, രണ്ടും ഗ്രൂപ്പുകൾക്ക് പടിഞ്ഞാറെ ആൽത്തറയിലേയും വരുമാനത്തിന്റെ അൻപത് ശതമാനം വീതമാണ് നൽകിയിരുന്നത്. ഈ രണ്ട് ആൽത്തറകളിലും പ്രതിവർഷം 1.20 കോടിയോളം രൂപ വരുമാനമുണ്ട്. മാറിമാറി വന്ന ഭരണസമിതികൾക്ക് ഇക്കാര്യത്തിൽ വ്യത്യസ്ത നിലപാടാണ്. കേസ് നടക്കുന്നതിനാൽ കുറച്ച് കാലമായി ഈ പണം സ്ഥാനികൾക്ക് വിതരണം ചെയ്യുന്നില്ല. പകരം പ്രത്യേക അക്കൗണ്ട് രൂപീകരിച്ച് നിക്ഷേപിക്കുകയാണ്. ഹൈക്കോടതി ഉത്തരവ് പ്രകാരം ഈ കീഴ് വഴക്കം ബൈലായിൽ ഉൾപ്പെടുത്തിയാൽ മാത്രമേ ഇനി പണം നൽകാനാവൂ. സ്ഥാനികൾക്ക് ക്ഷേത്ര വരുമാനത്തിന്റെ പകുതി നൽകുന്നതിനോട് നിലവിലെ ഭരണസമിതിക്ക് യോജിപ്പില്ല. അതുകൊണ്ടാണ് ഭരണസമിതിക്കെതിരെ നിയമവിരുദ്ധമായ നീക്കത്തിലൂടെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ശ്രമം നടന്നതെന്ന് വലിയൊരു വിഭാഗം വിശ്വസിക്കുന്നു.