 
കൊല്ലം: ഗൃഹനാഥയുടെ ചികിത്സയ്ക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കി കടത്തിൻ മേൽ കടംകയറി നിൽക്കുന്ന കുടുംബം ജീവിതവും ചികിത്സയും മുന്നോട്ടുകൊണ്ടുപോകാൻ സുമനസുകളുടെ സഹായം തേടുന്നു. കരുനാഗപ്പള്ളി കടത്തൂർ കെ.എസ് പുരം കുമാർ ഭവനിൽ ജെ. ജയശ്രീയും കുടുംബവുമാണ് പ്രതിസന്ധിയിൽ പകച്ചു നിൽക്കുന്നത്.
ജയശ്രീയുടെ ഭർത്താവിന് കൂലിപ്പണിയാണ്. കിട്ടുന്ന കൂലി കൊണ്ട് കുടുംബം പട്ടിണിയില്ലാതെ മുന്നോട്ടുപോവുകയായിരുന്നു. ഇതിനിടയിലാണ് ജയശ്രീക്ക് 2010ൽ കിഡ്നി സംബന്ധമായ രോഗം ബാധിച്ചത്. ആലപ്പുഴ മെഡി. ആശുപത്രിയിൽ ചികിത്സ തുടരവേ 2013ൽ പോളിആർട്ടിസ് എന്ന രോഗം ബാധിച്ച് കഴുത്തിന് താഴേക്ക് തളർന്നു. തുടർന്ന് 3 വർഷം കിടപ്പുരോഗിയായി. എന്നിട്ടും ആരോഗ്യസ്ഥിതി വീണ്ടെടുക്കാനായില്ല. ഇപ്പോൾ ശരീരത്തിന്റെ 60 ശതമാനവും ചലനരഹിതമാണ്.
ജയശ്രീക്ക് പ്ലസ് വണ്ണിന് പഠിക്കുന്ന മകളും ആറാം ക്ലാസുകാരനായ മകനുമുണ്ട്. മരുന്ന് വാങ്ങാൻ പോലും നിവൃത്തിയില്ലാത്ത ഈ കുടുംബം മക്കളുടെ പഠനം മുന്നോട്ടുകൊണ്ടുപോകാൻ വല്ലാതെ വിഷമിക്കുകയാണ്. ചികിത്സാ ആവശ്യങ്ങൾക്ക് പണം കണ്ടെത്താനായി ചില ബന്ധുക്കളും നാട്ടുകാരും സ്വർണം പണയം വയ്ക്കാൻ നൽകി. ഈ ഇനത്തിൽ മൂന്നേകാൽ ലക്ഷം രൂപ കടമുണ്ട്. വീട്ടുവാടക മാസങ്ങളായി കുടിശ്ശിക ആയതിനാൽ ഏത് നിമിഷവും വീടുവിട്ടിറങ്ങേണ്ട് അവസ്ഥയാണ്. ആരെങ്കിലും സഹായിച്ചില്ലെങ്കിൽ കുടുംബം പട്ടിണിയാകും. ജയശ്രീയുടെ ചികിത്സയും മുടങ്ങും. സഹായത്തിനായി ബാങ്ക് അക്കൗണ്ട് തുറന്നിട്ടുണ്ട്. സി.എസ്.ബി ബാങ്കിലെ അക്കൗണ്ട് നമ്പർ: 0146-07417774190001. ഐ.എഫ്.എസ് കോഡ്: സി.എസ്.ബി.കെ 0000146. ഫോൺ: 9847267438.