v

കൊല്ലം: 'സഖാവേ, തിരക്കിനിടെ ശരീരംകൂടിയൊന്ന് ശ്രദ്ധിക്കണേ...'- പാർട്ടിയെന്ന ശ്വാസവുമായി തലങ്ങും വിലങ്ങും പാഞ്ഞുനടക്കവേ സുദേവനോട് സഹപ്രവർത്തകർ പറഞ്ഞു മടുത്ത വാചകമാണിത്! വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ തങ്ങളുടെ സഖാവിനോട് ഉപദേശ രൂപേണ പറയാൻ മാത്രമേ അവർക്കാവൂ. അതു കേൾക്കാനോ അനുസരിക്കാനോ സഖാവിന് സമയം കിട്ടില്ലെന്നു മാത്രം!

സി.പി.എം ജില്ലാ സെക്രട്ടറിയായി എസ്. സുദേവൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അത് അർഹതയ്ക്കുള്ള അംഗീകാരമാവുകയായിരുന്നു. പാർട്ടിയുടെയും തൊഴിലാളി സംഘടനകളുടെയും നേതൃനിരയിൽ സജീവമായി ഇടപെടുന്നതിനിടയിലാണ് സുദേവന്റെ രണ്ട് വൃക്കകളും തകരാറിലായത്. 2009ൽ ഒരു വൃക്ക മാറ്റിവച്ചതോടെ സുദേവനെന്ന പൊതുപ്രവർത്തകൻ വീട്ടിലിരിക്കേണ്ടിവരുമെന്ന് എല്ലാവരും കരുതി. തീയിൽ കുരുത്തവർ വെയിലത്ത് വാടില്ലെന്നു പറഞ്ഞുകൊണ്ടായിരുന്നു സുദേവന്റെ തിരിച്ചുവരവ്. അത് ശരിയാണെന്ന് കാലം കാണിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായും ജില്ലാ സെക്രട്ടേറിയറ്റംഗമായും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയായും കാപ്പക്സ് ചെയർമാനായും കൂടുതൽ സജീവമായി. ഇതിനിടയിൽ അപ്രതീക്ഷിതമായി 2018ൽ സി.പി.എം ജില്ലാ സെക്രട്ടറിയായി. കെ.എൻ.ബാലഗോപാൽ സംസ്ഥാന സെക്രട്ടേറിയറ്റംഗമായതിനെത്തുടർന്നുണ്ടായ ഒഴിവിലാണ് പ്രതീക്ഷിച്ച മറ്റ് പേരുകളെല്ലാം ഒഴിവാക്കിക്കൊണ്ട് സുദേവനെ സെക്രട്ടറിയാക്കിയത്. അന്നുമുതൽ ഇന്നുവരെ പാർട്ടിയെ ശക്തമായി നയിച്ചുവെന്ന് മാത്രമല്ല, വിഭാഗീയ പ്രവർത്തനങ്ങളെ ഒതുക്കാനും കഴിഞ്ഞുവെന്നതാണ് എസ്. സുദേവനെന്ന സംഘാടകന്റെ മികവ്.

കടയ്ക്കലിനടുത്ത് കൊല്ലായിൽ മടത്തറയിലെ കർഷക കുടുംബത്തിൽ ശ്രീധരൻ- വാസന്തി ദമ്പതികളുടെ ആറ് മക്കളിൽ രണ്ടാമനായ സുദേവൻ മണ്ണിന്റെ മണമറിഞ്ഞാണ് വളർന്നത്. പാടത്തെ പണിക്കാരും അവരുടെ മക്കളുമൊക്കെയായിരുന്നു ചങ്ങാതിമാർ. കെ.എസ്.വൈ.എഫ് ചിതറ വില്ലേജ് സെക്രട്ടറി, സി.പി.എം മടത്തറ ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിലും നേതൃപാടവം കാട്ടി. ഡി.വൈ.എഫ്.ഐയുടെ ആദ്യ ജില്ലാ സെക്രട്ടറിയും സംസ്ഥാന-കേന്ദ്ര കമ്മിറ്റി അംഗവുമായി. റവന്യു വകുപ്പിൽ സർവെയറായി ജോലി ലഭിച്ചെങ്കിലും മുഴുവൻ സമയ പാർട്ടി പ്രവർത്തന രംഗത്തേക്കിറങ്ങാൻവേണ്ടി ജോലി ഉപേക്ഷിച്ചു. സി.പി.എം കൊട്ടാരക്കര, ചടയമംഗലം, പുനലൂർ ഏരിയ കമ്മിറ്റി അംഗമായി സംഘാടക മികവ് പ്രകടമാക്കി.

1985ൽ കോൺഗ്രസുമായി ബന്ധപ്പെട്ട തർക്കത്തിൽ ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടുണ്ട്. മരണത്തെ മുഖാമുഖം കണ്ടിടത്തുനിന്നാണ് സുദേവൻ തിരിച്ചെത്തിയത്. കശുഅണ്ടി സമരവുമായി ബന്ധപ്പെട്ട് ജയിൽവാസവും അനുഭവിച്ചു. ചുമതലകൾ ഏറുമ്പോൾ അച്ഛനെ കാണാൻ കിട്ടുന്നത് വല്ലപ്പോഴുമാണെന്ന് മക്കളായ, തിരുവിതാംകൂർ ദേവസ്വംബോർഡ് അസി. ലാ ഓഫീസർ അനുരാജും അനുജൻ അഖിൽരാജും പറയുന്നു.