 
പടിഞ്ഞാറേകല്ലട : കോതപുരം ലക്ഷംവീട് കോളനിക്ക് മുമ്പിലെ റോഡിൽ വാഹനാപകടം തുടർക്കഥയായിട്ടും അധികൃതർക്ക് അറിഞ്ഞ ഭാവമില്ല. നിരന്തരമായ അപകടങ്ങൾ ഒഴിവാക്കാൻ കരാറുകാരനോ, അധികൃതരോ യാതൊരു നടപടിയും എടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
കടപുഴ വളഞ്ഞ വരമ്പ് കാരാളിമുക്ക് റോഡ് നവീകരണം കിഫ്ബി പദ്ധതിപ്രകാരം രണ്ടുവർഷം മുമ്പ് തുടങ്ങിയതാണ്. കോതപുരം ലക്ഷംവീട് കോളനിക്ക് മുന്നിൽ അടിയ്ക്കടി ഉണ്ടായിക്കൊണ്ടിരുന്ന വാഹനാപകടവും നാട്ടുകാരുടെ പ്രതിഷേധവും കാരണം ആഭാഗത്തെ റോഡിന്റെ കുത്തനെയുള്ള ഉയരം കുറയ്ക്കുകയും മെറ്റിലിട്ട് നിരപ്പ് വരുത്തുകയും ചെയ്തു. അതിന് ശേഷം വാഹന ബാഹുല്യം കാരണം റോഡിലെ മെറ്റിലിന് ഇളക്കം തട്ടുകയും ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽപ്പെടുന്നത് പതിവാകുകയും ചെയ്തു. വാഹനങ്ങളുടെ ടയറിനടിയിൽപ്പെട്ട് മെറ്റിൽ കാൽനടക്കാരുടെ ദേഹത്തേയ്ക്ക് ശക്തിയോടെ തെറിച്ചുവീഴുന്നതും ഇവിടെ പതിവാണ്. വേനക്കാലമായതോടെ പൊടി ശല്യവും രൂക്ഷമാണ്. മെറ്റിൽ നിരത്തി മാസം മുന്ന് കഴിഞ്ഞിട്ടും റോഡ് ടാർ ചെയ്യാൻ നടപടിയായില്ല.
റോഡിന്റ ഉയരം കുറച്ചപ്പോൾ വശത്തെ കെ.വി ലൈൻ ഉൾപ്പെടുന്ന വൈദ്യുത പോസ്റ്റിന്റെ മൂന്ന് വശത്തേയും മണ്ണ് നീക്കം ചെയ്തതും നാട്ടുകാർക്ക് ഭീഷണിയായിരിക്കുകയാണ്. ഏത് നിമിഷവും വീഴാവുന്ന അവസ്ഥയിലാണ് വൈദ്യുത പോസ്റ്റിന്റെ നിൽപ്പ്. നിരന്തരമായ വാഹനാപകടങ്ങളും വൈദ്യുത പോസ്റ്റിന്റെ ഭീഷണിയും ഒഴിവാക്കാൻ ആവശ്യമായ നടപടി അധികൃതർ സ്വീകരിക്കണമെന്നതാണ് നാട്ടുകാരുട ആവശ്യം.