 
മൂന്ന് വർഷം കൊണ്ട് 1500 ഏക്കർ സ്ഥലത്ത് ജൈവകൃഷി
കരുനാഗപ്പള്ളി: മൂന്നുവർഷം കൊണ്ട് കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തിലെ 1500 ഏക്കർ സ്ഥലത്ത് പൂർണമായും ജൈവകൃഷി വ്യാപിപ്പിക്കാനുള്ള പദ്ധതിക്ക് കരുനാഗപ്പള്ളിയിൽ തുടക്കമായി. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സംയുക്തസംരംഭമായ ഭാരതീയ പ്രകൃതി കൃഷിക്കാണ് തുടക്കമായത്. കേരളത്തിൽ ആദ്യമായി പദ്ധതി നടപ്പാക്കുന്നത് കരുനാഗപ്പള്ളിയിലാണെന്ന പ്രത്യേകതയുമുണ്ട്. പദ്ധതി വിജയകരമായാൽ മറ്റ് അസംബ്ളി മണ്ഡലങ്ങളിലേക്ക് വ്യാപിപ്പിക്കാനും കൃഷിവകുപ്പ് ആലോചിക്കുന്നുണ്ട്. മൂന്ന് വർഷത്തിനുള്ളിൽ ഒരുകോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ഇതിൽ ആദ്യ ഗഡുവായ 28 ലക്ഷം രൂപ ബാങ്ക് അൗണ്ടിൽ വന്നുകഴിഞ്ഞു. ഇതിൽ നിന്ന് 12 ലക്ഷം രൂപ ഇതിനകം കർഷകർക്ക് വിതരണം ചെയ്തിട്ടുണ്ട്. കേരളത്തിന് അന്യംനിന്നുപോയ ജൈവകൃഷിയെ തിരികെക്കൊണ്ടുവരുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മൂന്ന് വർഷത്തിനുള്ളിൽ ജൈവകൃഷിയിൽ വൻ മുന്നേറ്റമുണ്ടാക്കാമെന്നുള്ള പ്രതീക്ഷയിലാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥരും കർഷകരും.
ആദ്യഘട്ടമായി തഴവയിൽ 50 ഏക്കർ സ്ഥലത്ത് പട്ട് ചീര കൃഷി
കൃഷിയുടെ ആദ്യഘട്ടമായി തഴവയിൽ 50 ഏക്കർ സ്ഥലത്ത് പട്ട് ചീര കൃഷി ആരംഭിച്ച് വിളവെടുപ്പിന്റെ വക്കിലെത്തി നിൽക്കുകയാണ്. വിത്ത് വിതച്ചാൽ 90 ദിവസത്തിനുള്ളിൽ വിളവെടുക്കാൻ കഴിയുമെന്നതാണ് പട്ടുചീരകൃഷിയുടെ പ്രത്യേകത. ഓണാട്ടുകരയുടെ ഭാഗമായ തഴവയിലെ ഏറ്റവും പ്രധാന കൃഷിയാണ് ചീര. വൈറ്റമിൻ ഇ ഏറ്റവും കൂടുതലുള്ള ചീരയാണിത്. പരമ്പരാഗത കൃഷിക്കാരിൽ നിന്നാണ് ചീരവിത്ത് ശേഖരിച്ചത്. ഇപ്പോഴത്തെ വിളവെടുപ്പിലൂടെ കൂടുതൽ വിത്ത് ശേഖരിക്കാൻ കഴിയുമെന്നാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. ഇതുകൂടാതെ കുംഭമാസത്തിൽ കൃഷി ഇറക്കുന്നതിനുള്ള വിത്തുകളും ശേഖരിച്ചുതുടങ്ങി. ചേമ്പ്, ചേന, കാച്ചിൽ, നനകിഴങ്ങ് എന്നിവയാണ് കുഭമാസത്തിൽ കൃഷി ഇറക്കുന്നത്.
പദ്ധതി ആരംഭിച്ചത് 5 മാസം മുമ്പ്
5 മാസത്തിന് മുമ്പാണ് കരുനാഗപ്പള്ളിയിൽ പദ്ധതി ആരംഭിച്ചത്. കരുനാഗപ്പള്ളി നഗരസഭയും ആറ് ഗ്രാമ പഞ്ചായത്തുകളും ഉൾക്കൊള്ളുന്ന ഒരു ബ്ലോക്കായാണ് തിരിച്ചിട്ടുള്ളത്. ഇതിനകം 1250 ഏക്കർ സ്ഥലം പരിശോധനയ്ക്ക് വിധേയമാക്കി.1500 കർഷകരിൽ നിന്ന് അപേക്ഷ സ്വീകരിച്ച് രജിസ്ട്രേഷനും പൂർത്തിയാക്കി. കൊട്ടരക്കര സദാനന്ദപുരം കൃഷി വിജ്ഞാന കേന്ദ്രത്തിലും തഴവ നവശക്തി ട്രസ്റ്റിലും വെച്ച് 40 ഹയർ പവർ കമ്മിറ്റി അംഗങ്ങൾക്ക് ജൈവ കൃഷിയിൽ പരിശീലനം നൽകി. നിലവിൽ തിരഞ്ഞെടുത്ത കൃഷി ഭൂമിയെ 125 ഏക്കർ വീതം വരുന്ന 10 ക്ലസ്റ്ററുകളായി തരം തിരിച്ച് പ്രവർത്തനം ആരംഭിച്ചു. 100 ഓളം വരുന്ന മേൽനോട്ട കമ്മിറ്റി അംഗങ്ങൾക്കും ജൈവ വള നിർമ്മാണത്തിൽ പരിശീലനം നൽകിക്കഴിഞ്ഞു.
 3 വർഷത്തിനുള്ളിൽ ഒരുകോടി രൂപയുടെ പദ്ധതി
 1250 ഏക്കർ സ്ഥലം പരിശോധനയ്ക്ക് വിധേയമാക്കി
 1500 കർഷകരിൽ നിന്ന് അപേക്ഷ സ്വീകരിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കി
 തിരഞ്ഞെടുത്ത കൃഷി ഭൂമിയെ 125 ഏക്കർ വീതം വരുന്ന 10 ക്ലസ്റ്ററുകളായി തരം തിരിച്ചു