ഓച്ചിറ: ദേശീയപാതാ സ്ഥലമേറ്റെടുപ്പിനെ തുടർന്ന് കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്കും അനുബന്ധ തൊഴിലാളികൾക്കും പുനരധിവാസ പാക്കേജും മാന്യമായ നഷ്ടപരിഹാരവും നൽകണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് മർച്ചന്റ് ചേംബർ ഓച്ചിറ മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തും. 4ന് രാവിലെ 9ന് വലിയകുളങ്ങരയിൽ നിന്ന് ആരംഭിച്ച് ഓച്ചിറയിൽ സമാപിക്കുന്ന മാർച്ച് സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ, സാമൂഹിക,​ സാംസ്കാരിക നേതാക്കൾ സംസാരിക്കും. പ്രക്ഷോഭ പരിപാടിയുടെ ആലോചനായോഗം ജില്ലാ ചെയർമാൻ നിജാംബഷി ഉദ്ഘാടനം ചെയ്തു. ചേംബർ ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് ബന്ധപ്പെട്ട അധികാരികൾ അടിയന്തര പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ജില്ലയിൽ ഉപരോധസമരം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഷെജി ഓച്ചിറ അദ്ധ്യക്ഷത വഹിച്ചു. പ്രതിഷേധ മാർച്ച് വിജയിപ്പിക്കുന്നതിനായി ഷെജി ഓച്ചിറ (ചെയർമാൻ), ബ്രില്ല്യന്റ് സുനിൽകുമാർ (ജനറൽ കൺവീനർ), മുരളീധരൻപിള്ള (കൺവീനർ) ഇസഹാഖ്, വിജയകുമാർ (വൈസ് പ്രസിഡന്റുമാർ), പി.കെ. മധു (ട്രഷറർ) എന്നിവർ ഭാരവാഹികളായി അമ്പത്തിയൊന്നംഗ കമ്മിറ്റി രൂപീകരിച്ചു.