ചാത്തന്നൂർ: പോളച്ചിറ ഏലായിൽ സമയബന്ധിതമായി കൃഷിയിറക്കാൻ നടപടി സ്വീകരിക്കണമെന്ന് ചിറക്കര ഗ്രാമ പഞ്ചായത്ത് കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ആവശ്യപ്പെട്ടു. പദ്ധതി ആസൂത്രണത്തിലെ അപാകതയാണ് പോളച്ചിറ ഏലായിൽ കൃഷിയിറക്കുന്നതിലുണ്ടായ പ്രതിസന്ധിക്കു കാരണമെന്ന് യോഗം ആരോപിച്ചു. ഏലായിലെ വെള്ളം വറ്റിക്കുന്നതിനുള്ള പെട്ടിയും പറയും അറ്റകുറ്റപ്പണിക്കായി എല്ലാത്തവണയും ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നൽകിയിരുന്ന തുക ഇത്തവണ അനുവദിച്ചില്ല. അതുകാരണം യഥാസമയം ഏലായിലെ വെള്ളം വറ്റിക്കാൻ കഴിയാതെ വന്നതോടെ സമീപഏലാകളിലും വെള്ളം കയറി കൃഷി പൂർണമായും നശിച്ചു. കൃഷിനാശം സംഭവിച്ചതിന്റെ നഷ്ടം കണക്കാക്കാൻ പോലും ഗ്രാമ പഞ്ചായത്തോ കൃഷിവകുപ്പോ തയ്യാറായിട്ടില്ല. ഏലാത്തോടുകളിൽ എക്കലും മണലും അടിഞ്ഞ് നീരൊഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. 50 ലക്ഷം രൂപ സർക്കാർ ഫണ്ട് ചെലവഴിച്ച് സ്ഥാപിച്ച 50 എച്ച്.പിയുടെ രണ്ടു മോട്ടോറിന്റെയും പ്രവർത്തനവും ഇതുവരെ തുടങ്ങിയില്ല. പമ്പ് പ്രവർത്തിപ്പിച്ച് ഏലായിലെ വെള്ളം വറ്റിച്ച് കൃഷിയിറക്കുന്നതിന് ഉടൻ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പാർലമെന്ററി പാർട്ടി ലീഡർ കെ. സുജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അം ഗങ്ങളായ ദിലീപ് ഹരിദാസൻ, സുബി പരമേശ്വരൻ, കെ. സുരേന്ദ്രൻ, മേരി റോസ്, ഉളിയനാട് ജയൻ എന്നിവർ പ്രസംഗിച്ചു.