കൊല്ലം: പുതുവത്സരാഘോഷത്തിനിടെ പോളയത്തോട് വയലിൽ തോപ്പ് കോളനിയിൽ വാക്കേറ്റവും സംഘർഷവും നടക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ കൊല്ലം ഈസ്റ്റ് എസ്.ഐയുടെ ജീപ്പിന്റെ ചില്ല് പൊട്ടിച്ച സംഭവത്തിൽ ഒരാളെക്കൂടി ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. പോളയത്തോട് വയലിൽ തോപ്പിൽ നാഷണൽ നഗർ 57ൽ നൗഫലാണ് (19) പിടിയിലായത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പോളയത്തോട്ടിലായിരുന്നു സംഭവം. സംഘർഷം നടക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് നൗഫലിനെ കസ്റ്റഡിയിലെടുത്ത് ജീപ്പിൽ കയറ്റിയപ്പോൾ കോളനിയിലുള്ള രാജേന്ദ്രൻ കല്ലെടുത്ത് ജീപ്പിന്റെ ചില്ല് ഇടിച്ച് പൊട്ടിക്കുകയായിരുന്നു. ഈസമയം നൗഫൽ ജീപ്പിൽ നിന്ന് രക്ഷപ്പെട്ടു. ഈ കേസിൽ രാജേന്ദ്രൻ, കിഷോർ, അഷറഫ് എന്നിവരെ സംഭവ ദിവസംതന്നെ അറസ്റ്റ് ചെയ്തിരുന്നു. ചിന്നക്കടയിൽ നിന്നാണ് നൗഫലിനെ ഇന്നലെ പിടികൂടിയത്.