 
തെന്മലയിൽ റെയിൽവേ ട്രാക്കിൽ വൃക്ഷശിഖരം ഒടിഞ്ഞ് വീണു, വീടിന് കേടുപാട്
പുനലൂർ: കിഴക്കൻ മലയോര മേഖലയിൽ കനത്ത കാറ്റിൽ വ്യാപക നാശ നഷ്ടം. രണ്ട് ദിവസമായി തുടർച്ചയായി വീശിയടിക്കുന്ന കാറ്റാണ് നാശം വിതയ്ക്കുന്നത്. ആര്യങ്കാവ് പഞ്ചായത്തിലെ ഇടപ്പാളയം അഞ്ചു ഭവനിൽ റെയ്ച്ചലിന്റെ വീടിന് മുകളിൽ സമീപത്തെ മര ശിഖരം ഒടിഞ്ഞു വീണ് മേൽക്കൂര തകർന്നു. ഇത് കൂടാതെ തെന്മല റെയിൽവേ സ്റ്റേഷന് സമീപത്തെ ട്രാക്കിൽ വൃക്ഷശിഖരം ഒടിഞ്ഞുവീണ് ട്രെയിൻ സർവീസ് ഭാഗികമായി തടസപ്പെട്ടു. ഇന്നലെ രാവിലെ 8.30 ഓടെ തെന്മല റെയിൽവേ സ്റ്റേഷന് കിഴക്ക് ഭാഗത്തെ ട്രാക്കിലാണ് വൃക്ഷശിഖരം ഒടിഞ്ഞു വീണത്. ജീവനക്കാർ എത്തി ഒരു മണിക്കൂർ കൊണ്ട് ഇത് മുറിച്ച് നീക്കി. കാറ്റിനെ തുടർന്ന് ഇടവിട്ട് വൈദ്യുതി തടസം ഉണ്ടാവുന്നത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ശക്തമായ കാറ്റിൽ വാഴ, റബർ, അടയ്ക്ക അടക്കമുള്ള കൃഷികൾക്കും വ്യാപകമായ നാശം സംഭവിച്ചു. ഇന്നലെ സന്ധ്യയോടെയാണ് കാറ്റിൻെറ ശക്തി കുറഞ്ഞത്.
തെന്മല പരപ്പാർ അണക്കെട്ടിൽ തിരയിളക്കം
കനത്ത കാറ്റിൽ തെന്മല പരപ്പാർ അണക്കെട്ടിൽ തിരയിളക്കം. രണ്ട് ദിവസമായി വീശിയടിക്കുന്ന കനത്ത കാറ്റിനെ തുടർന്ന് അണക്കെട്ടിൽ നിന്ന് ഉഗ്രശബ്ദത്തോടെ തിരമാലകൾ ഉയരുകയാണ്. തമിഴ്നാട് ചുരം വഴി അതിർത്തിയിലൂടെ കടന്ന് വരുന്ന ശക്തമായ കാറ്റിനെ തുടർന്നാണ് വൃഷ്ടി പ്രദേശങ്ങളിൽ തിരയിളക്കം അനുഭവപ്പെടുന്നത്. റോസ്മല, പാണ്ടിമൊട്ട വഴി ശെന്തുരുണിയിൽ എത്തിയ ശക്തമായ കാറ്റിനെ തുടർന്നാണ് ആറ്റ് തീരങ്ങളിൽ തിരമാലകൾ ഉയരുന്നത്. മുൻ വർഷങ്ങളിലും അണക്കെട്ടിൽ തിരയിളക്കം അനുഭവപ്പെട്ടിരുന്നു. തെന്മല ഡാം ജംഗ്ഷനിൽ നിന്നാൽ തിരമാലകൾ ഉയരുന്നതിൻെറ ശബ്ദം കേൾക്കാൻ കഴിയുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ആറ്റ് തീരത്ത് നിന്ന് പത്ത് മീറ്റർ ഉയരത്തിലാണ് തിരയടിച്ച് വെളളം ഉയരുന്നത്. തെന്മല എർത്ത് ഡാമിലെ തിരയിളക്കം കാണാൻ വിനോദ സഞ്ചാരികളുടെ വൻ തിരക്കാണ് ഇന്നലെ വൈകിട്ട് അനുഭവപ്പെട്ടത്.