കൊല്ലം: കേന്ദ്ര സർക്കാരിന്റെ തുക ഉപയോഗിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്താകമാനം വർഗീയ പ്രചാരണം നടത്തുന്നതെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ ആരോപിച്ചു. സി.പി.എം ജില്ലാ സമ്മേളനത്തിലെ പൊതുസമ്മേളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സന്യാസി വേഷമിട്ട് കൂടുതൽ വർഗീയത വിളമ്പുകയാണ് പ്രധാനമന്ത്രി. ജനങ്ങളുടെ ജീവിതപ്രശ്നങ്ങളല്ല അദ്ദേഹത്തിന്റെയും ബി.ജെ.പിയുടെയും പ്രധാന വിഷയം. സംസ്ഥാന സർക്കാരുകളെ കേന്ദ്രത്തിന്റെ ഡിപ്പാർട്ടുമെന്റുകളാക്കാൻ ശ്രമിക്കുകയാണ്. സാമ്പത്തിക അധികാരം വെട്ടിക്കുറച്ചു. കേന്ദ്രം പിരിച്ചെടുക്കുന്നതിൽ സംസ്ഥാനത്തിന് ലഭിക്കേണ്ട വിഹിതം വെട്ടിക്കുറയ്ക്കുകയാണ്. പെട്രോളിനും ഡീസലിനും മദ്യത്തിനും മാത്രം നികുതി നിശ്ചയിക്കാനുള്ള അധികാരം മാത്രമാണ് സംസ്ഥാന സർക്കാരിനുള്ളത്. സംസ്ഥാന ധനകാര്യ മന്ത്രി അവതരിപ്പിക്കുന്ന ബഡ്ജറ്റിൽ എന്താകുമെന്ന് ബിസിനസുകാർക്കുപോലും ആശങ്കയില്ലാത്തത് അതുകൊണ്ടാണ്. വലിയ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ജനക്ഷേമകരമായ പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്നും ബാലഗോപാൽ കൂട്ടിച്ചേർത്തു.