photo
അപകടങ്ങൾ പതിയിരിക്കുന്ന അഴീക്കൽ ബീച്ച്

കരുനാഗപ്പള്ളി: അഴീക്കൽ ബീച്ചിൽ വിനോദസഞ്ചാരികളുടെ തിരക്കേറുമ്പോഴും ലൈഫ്ഗാർ‌‌ഡുകളുടെ എണ്ണം കുറവാണെന്ന് ആക്ഷേപം. വിനോദസഞ്ചാര സീസൺ ആരംഭിച്ചതോടെ അഴീക്കൽ ബീച്ചിൽ ദിനംപ്രതി 5000ൽ അധികം സ്വദേശ വിനോദ സഞ്ചാരികൾ എത്തുന്നുണ്ടെന്നാണ് കണക്ക്. കൊവിഡിനുശേഷമാണ് വിദേശ വിനോദ സഞ്ചാരികളുടെ വരവ് പൂർണമായും നിലച്ചത്. വിനോദസഞ്ചാരികളുടെ സംരക്ഷണത്തിനായി 4 ലൈഫ് ഗാർഡുകൾ വേണ്ടിടത്ത് വെറും രണ്ടുപേർ മാത്രമാണ് നിലവിൽ ഡ്യൂട്ടിയിലുള്ളത്. വിനോദ സഞ്ചാരികൾക്ക് അപകടമുന്നറിയിപ്പ് നൽകാനുള്ള അലാറം സംവിധാനവും ഇവിടെയില്ല. ലൈഫ് ഗാർഡുകളുടെ ലക്ഷക്കണക്കിന് രൂപ വിലവരുന്ന ഉപകരണങ്ങൾ സൂക്ഷിക്കാനുള്ള ടവറും ബീച്ചിൽ നിർമ്മിച്ചിട്ടില്ല. സൂക്ഷിക്കാൻ ഇടമില്ലാത്തതിനാൽ ഇവയെല്ലാം നാശത്തിന്റെ വക്കിലാണ്. അഴീക്കലിനെയും ആലപ്പുഴ ജില്ലയുടെ തെക്കേ അറ്റമായ വലിയഴീക്കലിനെയും ബന്ധിപ്പിച്ച് കായംകുളം കായലിന് കുറുകേ നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണം പൂർത്തിയായി. പാലം ഉടൻ തുറന്ന് നൽകുമെന്നാണ് അറിയുന്നത്. വലിയഴീക്കലിൽ ബീച്ചില്ലാത്തതിനാൽ തൃക്കുന്നപ്പുഴ, ആറാട്ടുപുഴ, വലിയഴീക്കൽ ഭാഗങ്ങളിൽ നിന്ന് സ്വദേശ വിനോദ സഞ്ചാരികളുടെ പ്രവാഹം അഴീക്കൽ ബീച്ചിലേക്കുണ്ടാകും..ഇവരുടെ ജീവന് സംരക്ഷണം ഉറപ്പാക്കാൻ കൂടുതൽ ലൈഫ് ഗാർഡുകളെ നിയോഗിക്കേണ്ടിയും വരും. ഇതിനൊപ്പം പൊലീസിന്റെ നിരന്തര ജാഗ്രതയും അത്യാവശ്യമാണ്.

സാമൂഹ്യ വിരുദ്ധരുടെ താവളമായി പുലിമുട്ട്

തുറമുഖവകുപ്പിന്റെ ഭൂമിയിലാണ് ബീച്ച് സ്ഥിതി ചെയ്യുന്നത്. ഡി.ടി.പി.സിക്കും ടൂറിസം വകുപ്പിനുമാണ് മേൽനോട്ടച്ചുമതല. 900 മീറ്റർ നീളത്തിൽ കടലിലേക്ക് നിർമ്മിച്ചിട്ടുള്ള പുലിമുട്ട് പകൽ സമയത്ത് സാമൂഹ്യ വിരുദ്ധരുടെ താവളമാണെന്നാണ് നാട്ടുകാരുടെ പരാതി. ലഹരി വസ്തുക്കളുടെ വിപണനവും മദ്യപാനവും വൈകിട്ട് 4 മണിക്ക് മുമ്പാണ് അരങ്ങേറുന്നത്. 4 മണി മുതൽ പുലിമുട്ടിൽ ടൂറിസ്റ്റുകൾ സജീവമാകുന്നതോടെ സാമൂഹ്യവിരുദ്ധർ പിൻവാങ്ങും. ഓച്ചിറ പൊലീസ് സ്റ്റേഷന്റെ പരിധിയിൽ വരുന്ന ഈ പ്രദേസത്ത് പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പകൽ സമയത്ത് പൊലീസ് പട്രോളിംഗ് ശക്തിപ്പെടുത്തിയാൽ സാമൂഹ്യ വരുദ്ധരുടെ പിടിയിൽ നിന്ന് ബീച്ചിനെ സംരക്ഷിക്കാൻ കഴിയും. പൊലീസ് ഈ ഭാഗത്തേക്ക് തിരിഞ്ഞുപോലും നോക്കാറില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.

8 വർഷം,​ തിരയിൽപ്പെട്ട് മരിച്ചത് 18 പേർ

രാവിലെ 11 മണിക്ക് ആരംഭിക്കുന ബീച്ചിന്റെ പ്രവർത്തനം രാത്രി 9 മണിയോടെയാണ് അവസാനിക്കുന്നത്. സഞ്ചാരികൾ ബീച്ച് വിട്ടുപോകാൻ പിന്നെയും സമയമെടുക്കും. 800 മീറ്റർ ദൈർഘ്യമാണ് ബീച്ചിനുള്ളത്. ശക്തമായ തിരമാലകളുള്ള ഭാഗമാണിവിടം. കഴിഞ്ഞ 8 വർഷത്തിനുള്ളിൽ 18 പേരാണ് ശക്തമായ കടലാക്രമണത്തിൽ മരിച്ചത്. ഇതിൽ ഏറേയും വിദ്യാർത്ഥികളും യുവാക്കളുമാണ്.

അപകടം പതിയിരിക്കുന്നു

കായംകുളം ഹാർബറിന്റെ പടിഞ്ഞാറുഭാഗത്ത് ടൂറിസ്റ്റുകൾ കടലിൽ കുളിക്കാനിറങ്ങുന്നത് അപകടങ്ങൾക്ക് കാരണമാകും. ഈ പ്രദേശം ബീച്ചിൽ നിന്ന് അകലെയായതിനാൽ ലൈഫ് ഗാർഡുകളുടെ ശ്രദ്ധ പതിയുകയില്ല. നിലവിൽ ബീച്ചിൽ കടക്കുന്നതിന് പ്രവേശന ഫീസ് ഏർപ്പെടുത്തിയിട്ടില്ല. അഴീക്കൽ ബീച്ചിന്റെ നിലവിലുള്ള പ്രവർത്തനം കൂടുതൽ കുറ്റമറ്റതാക്കണമെന്നാണ് നാട്ടുകാരുടെയും സഞ്ചാരികളുടെയും പ്രധാന ആവശ്യം.

വേണ്ടത് 4 ലൈഫ് ഗാർഡുകൾ

നിലവിൽ ഉള്ളത് 2 പേർ മാത്രം