blockpanchayath
കോവാക്സിൻ വാക്സിനേഷൻ പരിപാടിയുടെ ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനം ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ നിവഹിക്കുന്നു

ഓച്ചിറ: ഒമിക്രോൺ ഭീഷണിയുടെ പശ്ചാത്തലത്തിൽ കുട്ടികളെ കൂടുതൽ സുരക്ഷിതരാക്കുന്നതിനുവേണ്ടി ആരംഭിച്ച കോ വാക്സിൻ വാക്സിനേഷൻ പരിപാടിയുടെ ബ്ലോക്ക് പഞ്ചായത്തുതല ഉദ്ഘാടനം ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ നിർവഹിച്ചു. 15 വയസ് മുതൽ 18 വയസ് വരെയുള്ളവർക്കാണ് വാക്സിനേഷൻ നൽകുന്നത്. ബുധനാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വാക്സിനേഷൻ നടത്തും. ജനുവരി പത്തുവരെ ഈ രീതിയിൽ വാക്സിനേഷൻ ക്രമീകരിച്ചിട്ടുണ്ടന്ന് ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ഡി. സുനിൽകുമാർ അറിയിച്ചു. കുട്ടികളുടെ വാക്സിനേഷൻ വളരെ ഫലപ്രദവും സുരക്ഷിതവുമാണ്. ഓൺലൈൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത രജിസ്ട്രേഷൻ ഐഡി, മൊബൈൽ നമ്പർ, തിരിച്ചറിയൽ രേഖ എന്നിവ ഉൾപ്പെടെ വേണം വാക്സിനേഷനെത്താൻ.
കുട്ടികൾക്ക് രോഗത്തെക്കുറിച്ചും വാക്സിനേഷനെ കുറിച്ചും ബോധവത്കരണം നൽകും. കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക കൗണ്ടറുകൾ ക്രമീകരിച്ചിട്ടുണ്ട്. ഓച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി, വൈസ് പ്രസിഡന്റ് എൻ. കൃഷ്ണകുമാർ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുൽഫിയ ഷെറിൻ, ഗ്രാമ പഞ്ചായത്തംഗം ഇന്ദുലേഖ രജീഷ് എന്നിവർ സംസാരിച്ചു. ഹെൽത്ത് സൂപ്പർവൈസർ വിജയൻ നന്ദി പറഞ്ഞു.