mundakapadam
മുണ്ടകപാടം

ഓച്ചിറ : ഓണാട്ടുകരയിലെ പ്രധാന നെല്ലറകളിലൊന്നായിരുന്നു ക്ലാപ്പന വില്ലേജിലെ മുണ്ടകപ്പാടം. എന്നാൽ,​ ആലുംപീടിക ആയിരംതെങ്ങ് റോഡിന് തെക്കുവശം മുതൽ വള്ളിക്കാവ് വരെ നോക്കെത്താദൂരത്ത് പരന്ന് കിടന്നിരുന്ന മുണ്ടകപ്പാടത്ത് കൃഷി ഉപേക്ഷിച്ചിട്ട് വർഷങ്ങളായി. ഭൂരി ഭാഗവും വെള്ളക്കെട്ട് കാരണം ചതുപ്പായി മാറിക്കഴിഞ്ഞു. ചില ഭാഗങ്ങൾ നികത്തി താമസയോഗ്യമാക്കി. ഭൂരിഭാഗവും ഇപ്പോൾ

റിയൽ എസ്റ്റേറ്റ് മാഫിയയുടെ കൈകളിലാണ്. ഉപ്പുവെള്ളം കയറി സ്ഥിരമായി നെൽകൃഷി നശിക്കാൻ തുടങ്ങിയതോടെയാണ് കർഷകർ കളം കാലിയാക്കിയത്.

വില്ലൻ ഹാർബർ !

പുരാതന കേരളത്തിലെ പ്രധാന ജലപാതയായിരുന്നു ടി.എസ് കനാലിന്റെ (തിരുവനന്തപുരം-ഷൊർണ്ണൂർ ദേശീയ ജലപാത) കിഴക്ക് ഭാഗത്താണ് മുണ്ടകപ്പാടം സ്ഥിതിചെയ്യുന്നത്. വർഷകാലത്ത് കനാലിന്റെ കിഴക്ക് പ്രദേശങ്ങങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുമ്പോൾ പൊഴി മുറിച്ചായിരുന്നു വെള്ളം കടലിലേക്ക് ഒഴുക്കിയിരുന്നത്. വർഷകാലത്തിന് ശേഷം മണ്ണുമൂടി പൊഴി താനേ അടയുകയും ചെയ്യും. ഈ താത്കാലിക മണൽ ബണ്ട് വേനൽകാലത്ത് കടലിൽ നിന്ന് കായലിലേക്ക് ഉപ്പുവെള്ളം കയറുന്നതിനെ തടയുകയും ചെയ്തിരുന്നു. അഴീക്കൽ ഹാർബറിന്റെ നിർമ്മാണത്തിനായി പൊഴി ഡ്രഡ്ജ് ചെയ്ത് വിശാലമാക്കി. ഇരുകരകളിൽ നിന്ന് കടലിലേക്ക് പുലിമുട്ടുകൾ സ്ഥാപിച്ചാണ് അഴീക്കൽ ഹാർബറിലേക്കുള്ള പ്രവേശന കവാടം ഒരുക്കിയത്. പൊഴി സ്ഥിരമായി തുറന്നു കിടന്നതോടെ വേനൽകാലത്ത് കായലിലേക്ക് വലിയ തോതിലാണ് ഉപ്പുവെള്ളം കയറാൻ തുടങ്ങി. ഇത് തുടർച്ചയായ കൃഷിനാശത്തിന് കാരണമായി. അതോടെ കർഷകർ മുണ്ടകപ്പാടത്തെ നെൽകൃഷി ഉപേക്ഷിക്കുകയും ചെയ്തു.

തോട് കൈയേറി

ഉപ്പുവെള്ളം നാട്ടിലെത്തി

ക്ലാപ്പന പ്രദേശത്തെ വെള്ളക്കെട്ടിൽനിന്ന് സംരക്ഷിച്ചിരുന്നത് കാക്കച്ചാൽ-ആയിരംതെങ്ങ് തോടായിരുന്നു. എന്നാൽ,​ തോട്ടിലെ കൈയേറ്റം വ്യാപകമായതോടെ വർഷകാലത്ത് കനത്ത വെള്ളക്കെട്ടിനും വേനൽകാലത്ത് ഉൾനാടുകളിൽ വരെ ഉപ്പുവെള്ളം കയറുന്നതിനും കാരണമായി കായലിൽ നിന്ന് ഉൾനാടൻ പ്രദേശങ്ങളിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനായി പല പ്രദേശങ്ങളിലും മൈനർ ഇറിഗേഷൻ വകുപ്പ് ചീപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ,​ ചീപ്പുകളുടെ അശാസ്ത്രീയ നിർമ്മാണം കാരണം ഉപ്പുവെള്ളത്തെ തടയുന്നതിൽ തികഞ്ഞ പരാജയമായി.

.................................................................................................................

ഉപ്പുവെള്ളം കയറുന്നത് ഫലപ്രദമായി തടയാൻ കഴിഞ്ഞാൽ

മുണ്ടകപ്പാടം വീണ്ടും കൃഷിയോഗ്യമാകും

സോനു മങ്കടത്തറയിൽ

സാമൂഹ്യ പ്രവർത്തകൻ