
കൊല്ലം: ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിച്ച ചീക്കൽക്കടവ് പാലം, അപ്രോച്ച് റോഡ് നിർമ്മിക്കാത്തതിനാൽ ഉപയോഗ ശൂന്യമായി കിടക്കാൻ തുടങ്ങിയിട്ട് 11 വർഷം. അപ്രോച്ച് റോഡിനും ശേഷിക്കുന്ന സ്ഥലം ഏറ്റെടുക്കാനുമായി പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം അടുത്തിടെ 3.5 കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും നടപടികൾ ഇഴയുകയാണ്.
കിഴക്കേ കല്ലടയിൽ നിന്നു അതിവേഗം അടൂരിൽ എത്താനുള്ള കുറുക്കുവഴിയാണ് ചീക്കൽ കടവ് പാലം. 2006ൽ നബാർഡ് സഹായത്തോടെയാണ് പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. 2010ൽ 11 മീറ്റർ വീതിയിൽ 600 മീറ്റർ നീളമുള്ള റോഡ് നിർമ്മിക്കാൻ 28 ഭൂവുടമകളിൽ നിന്നു സ്ഥലം ഏറ്റെടുക്കാനായി കല്ലിട്ടു. 2015ൽ 20 പേർക്ക് നഷ്ടപരിഹാരം നൽകി. 2011ൽ പാലത്തിന്റെ ഉദ്ഘാടനം നടന്നപ്പോൾ സ്ഥലമേറ്രെടുക്കലിനും അപ്രോച്ച് റോഡ് നിർമ്മാണത്തിനുമായി രണ്ട് കോടി രൂപ അനുവദിച്ചു. പക്ഷെ തുടർ നടപടികൾ നീളുകയായിരുന്നു.
ലാഭം 5 കിലോമീറ്റർ
അപ്രോച്ച് റോഡു വന്നാൽ കിഴക്കേ കല്ലടയിൽ നിന്നു അടൂരിലെത്താൻ ഏകദേശം അഞ്ച് കിലോമീറ്ററോളം ലാഭിക്കാം. ഇപ്പോൾ കടപുഴ പാലം, ശാസ്താംകോട്ട ഭരണിക്കാവ് വഴി ചുറ്റിക്കറങ്ങിയാണ് അടൂരിലേക്ക് പോകുന്നത്. അപ്രോച്ച് റോഡ് നിർമ്മാണത്തിനായി നേരത്തെ ഏറ്റെടുത്ത സ്ഥലം കാടുകയറി നശിക്കുകയാണ്.