photo
പനവേലി കുടുംബ ക്ഷേമ ഉപകേന്ദ്രത്തിനായി നിർമ്മാണം പുരോഗമിക്കുന്ന കെട്ടിടം

കൊല്ലം: കൊട്ടാരക്കര പനവേലി കുടുംബക്ഷേമ ഉപകേന്ദ്രത്തിന് പുതിയ കെട്ടിടമൊരുങ്ങുന്നു. പതിറ്റാണ്ടുകൾക്ക് മുൻപ് ഉണ്ടായിരുന്ന കെട്ടിടം ജീർണാവസ്ഥയിലെത്തിയതോടെ പൊളിച്ചുനീക്കിയിട്ടാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. പനവേലി - ചിരട്ടക്കോണം റോഡരികിലായാണ് കെട്ടിടത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നത്. കെ.ബി. ഗണേശ് കുമാർ എം.എൽ.എയുടെ ഫണ്ടിൽ നിന്ന് അനുവദിച്ച 12.50 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണപ്രവർത്തനം നടത്തുന്നത്. നവംബറിൽ എം.എൽ.എ ശിലാസ്ഥാപനം നടത്തിയിരുന്നു. തലച്ചിറ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കീഴിലാണ് പനവേലി കുടുംബക്ഷേമകേന്ദ്രം. പ്രാഥമികാരോഗ്യകേന്ദ്രത്തിന് കീഴിൽ 7 സബ് സെന്ററുകളുണ്ട്. ഇതിൽ മൂന്നെണ്ണം വാടകക്കെട്ടിടങ്ങളിലാണ് പ്രവർത്തിച്ചുവരുന്നത്. പനവേലി കുടുംബക്ഷേമ കേന്ദ്രത്തിന് കെട്ടിടനിർമ്മാണത്തിനായി പഴയ കെട്ടിടം പൊളിച്ചപ്പോൾ പ്രവർത്തനം വാടക ക്കെട്ടിടത്തിലേക്ക് മാറ്റേണ്ടിവന്നു.

മെച്ചപ്പെട്ട കെട്ടിടം

പരിമിതികളുടെ നടുവിലായിരുന്നു ഇതുവരെയും കുടുംബക്ഷേമകേന്ദ്രത്തിന്റെ പ്രവർത്തനം. പുതിയ കെട്ടിടമൊരുങ്ങുന്നതോടെ ബുദ്ധിമുട്ടുകൾ നീങ്ങും. ഹാളും പരിശോധനാമുറിയും സ്റ്റോർ മുറിയും ടൊയ്‌ലറ്റ് സംവിധാനങ്ങളും ഉൾപ്പടെയുള്ളതാണ് പുതിയ കെട്ടിടം. കുടിവെള്ളത്തിനായി കിണറുണ്ടെങ്കിലും ഇത് വൃത്തിയാക്കേണ്ടതുണ്ട്. കുടിവെള്ളപ്രശ്നത്തിന് ഇവിടെ ശാശ്വതമായ സംവിധാനമൊരുക്കും.

പി.എച്ച്.സി ഗതികേടിൽ

തലച്ചിറ പ്രാഥമികാരോഗ്യകേന്ദ്രം കൂടുതൽ ഗതികേടിലേക്ക് നീങ്ങുമ്പോഴാണ് ഇതിന് കീഴിലുള്ള കുടുംബക്ഷേമ ഉപകേന്ദ്രത്തിന് സ്വന്തമായി കെട്ടിടമൊരുങ്ങുന്നത്. ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്കും കൊവിഡ് വാക്സിനെടുക്കാനുമായി എത്തുന്നവർ വരാന്തയിലും പൊതുവഴിയിലുമൊക്കെ നിൽക്കേണ്ട ഗതികേടിലാണ്. മെച്ചപ്പെട്ട കെട്ടിടങ്ങളില്ലാത്തതാണ് ഇവിടത്തെ പ്രധാന പ്രശ്നം. വെട്ടിക്കവല ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള ആരോഗ്യകേന്ദ്രത്തിൽ താതലായ വികസനം വേണമെന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണി മുൻപ് വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. എന്നിട്ടും ഫലമുണ്ടായില്ല.