bus

കൊല്ലം: ഗ്രാമീണ മേഖലകളിൽ നിറുത്തിവച്ചിരുന്ന കെ.എസ്.ആർ.ടി.സി സർവീസുകൾ പുനരാരംഭിക്കാൻ കളക്ടർ അഫ്‌സാന പർവീണിന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ ഓൺലൈനായി കൂടിയ യോഗത്തിൽ തീരുമാനം. ഈ സർവീസുകൾ നിറുത്തിയതിനാൽ വിദ്യാർത്ഥികൾ ഉൾപ്പെടെ ബുദ്ധിമുട്ടുന്നുവെന്ന് ചൂണ്ടിക്കാട്ടി 'കേരളകൗമുദി' നിരവധി വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു.

വാർത്തകളുടെ അടിസ്ഥാനത്തിൽ ജില്ലയിലെ ജനപ്രതിനിധികൾ പൊതുവായി ഉന്നയിച്ച വിഷയം എന്ന നിലയ്ക്ക് അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു. സ്‌കൂളുകൾ തുറന്നതോടെ കിഴക്കൻ മേഖലയിലെയും ഇതര ഗ്രാമങ്ങളിലേയും വിദ്യാർത്ഥികൾ യാത്രാക്ലേശം നേരിടുകയാണെന്ന് എം.എൽ.എമാരായ കോവൂർ കുഞ്ഞുമോൻ, സുജിത്ത് വിജയൻ പിള്ള, സി.ആർ. മഹേഷ്, കെ.ബി. ഗണേശ് കുമാർ എം.എൽ.എയുടെ പ്രതിനിധി പി.എ. സജിമോൻ എന്നിവരാണ് ചൂണ്ടിക്കാട്ടിയത്. കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രതിനിധി എബ്രഹാം സാമുവൽ, എ.ഡി.എം എൻ. സാജിതാ ബീഗം, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. പ്രസാദ്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ തുടങ്ങിയവർ പങ്കെടുത്തു.

# സർവീസുകൾ ഉടൻ

വരുമാനമുള്ള സർവീസുകളെല്ലാം പുനരാരംഭിച്ചെന്നും കൊവിഡ് കാലത്തിന് മുൻപും വരുമാന നഷ്ടമുണ്ടായിരുന്ന ബസുകൾ മാത്രമാണ് തുടങ്ങാനുള്ളതെന്നും ഡി.ടി.ഒ ആർ. മനേഷ് അറിയിച്ചു. ജനപ്രതിനിധികളുടെ ആവശ്യം പരിഗണിച്ച് ഇവയും പുനരാംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ബസുകളുടെ കുറവ് നികത്താനായി ചീഫ് കൺട്രോൾ ഓഫീസിന് അറിയിപ്പ് നൽകി. വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകുന്ന കാര്യത്തിൽ അനുകൂല നിലപാടുണ്ടാകാൻ ജനപ്രതിനിധികളുടെ ഇടപെടലുകൾ ആവശ്യമാണെന്നും ഡി.ടി.ഒ അറിയിച്ചു.

# റോസ് മല ട്രിപ്പ് 8 മുതൽ

അവധി ദിവസങ്ങളിൽ കൊല്ലം ഡിപ്പോയിൽ നിന്ന് റോസ് മലയിലേക്ക് വിനോദസഞ്ചാരികൾക്കായി കെ.എസ്.ആർ.ടി.സി സർവീസ് നടത്തും. പരീക്ഷണാടിസ്ഥാനത്തിൽ 8നും 9നും സർവീസ് നടത്താനാണ് തീരുമാനം. തുടർന്നുള്ള എല്ലാ ഞായറാഴ്ചയും സർവീസ് ഉദ്ദേശിക്കുന്നുണ്ട്. രാവിലെ 8ന് കൊല്ലത്ത് നിന്നു പുറപ്പെടുന്ന ബസ് തെന്മല, പാലരുവി, റോസ്മല എന്നിവിടങ്ങളിലേക്കാണ് സർവീസ് നടത്തുക. യാത്രാക്കൂലി ഇനത്തിൽ 500 രൂപയും സഞ്ചാരമേഖലയിലെ പ്രവേശന ഫീസ് ഇനത്തിൽ 250 രൂപയുമാണ് ഒരാൾക്ക് ചെലവാകുക.

# യോഗ തീരുമാനങ്ങൾ

 പാരിപ്പള്ളി മെഡി. ആശുപത്രിയിൽ പോസ്​റ്റ്മോർട്ടത്തിന്റെ ഫലം വരുന്നതിനുള്ള കാലതാമസം ഒഴിവാക്കും
 കരുനാഗപ്പള്ളി, ആലപ്പാട് മേഖലയിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാൻ പഞ്ചായത്ത് തലത്തിൽ നടപടികൾക്ക് തീരുമാനം

 പുലമൺ തോടിന്റെ വശങ്ങളിലെ കയ്യേ​റ്റം തടയാൻ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകൾക്ക് നിർദ്ദേശം നൽകും