 
പന്മന ആശ്രമം മുതൽ ശാസ്താംകോട്ട നടന്ന ജനജാഗ്രത പദയാത്രയുടെ ഉദ്‌ഘാടനം
കെ. മുരളിധരൻ എം.പി നിർവ്വഹിക്കുന്നു
ചവറ: ഭരണഘടനാ സ്ഥാപനങ്ങളെയും പാർലമെന്റിനേയും നോക്കുകുത്തിയാക്കി, മതേതര രാഷ്ട്രമായ ഇന്ത്യയെ ഫാസിസ്റ്റ് രാഷ്ട്രമാക്കാനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു. വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനുമെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ജനജാഗ്രത പദയാത്രയുടെ പതാക ജാഥാ ക്യാപ്ടൻ കൊടിക്കുന്നിൽ സുരേഷ് എം.പിക്ക് കൈമാറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള ശ്രമമാണ് മോദി ഇപ്പോൾ നടത്തുന്നത്. പിണറായി വിജയന്റെയും നരേന്ദ്ര മോദിയുടേയും സ്വരം ഏകാധിപതികളുടേതാണ്. ജനദ്രോഹപരമായ തീരുമാനങ്ങളെടുക്കുന്നതിൽ രണ്ടുപേർക്കും ഒരേ മനസാണ്. രാജ്യത്ത് ബി.ജെ.പിക്ക് ബദലായി കോൺഗ്രസ് പാർട്ടി മാത്രമാണുള്ളത് എന്ന കാര്യം പിണറായി വിജയനു പോലും അംഗീകരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, പി.സി. വിഷ്ണുനാഥ് എം.എൽ.എ, സി.ആർ. മഹേഷ് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എം.എം. നസീർ, പഴംകുളം മധു, എ. ഷാനവാസ് ഖാൻ, ജ്യോതികുമാർ ചാമക്കാല , കെ.സി. രാജൻ, ബിന്ദുകൃഷ്ണ, എൻ. അഴകേശൻ, പുനലൂർ മധു, എഴുകോൺ നാരായണൻ, കോലത്ത് വേണുഗോപാൽ, പി. ജർമിയാസ്, എൽ.കെ. ശ്രീദേവി, സൂരജ് രവി, ബിന്ദു ജയൻ തുടങ്ങിയവർ സംസാരിച്ചു. ബാബുജി പട്ടത്താനം, സുരേഷ് പട്ടത്താനം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ, വിവിധ പോഷക സംഘടന നേതാക്കൾ തുടങ്ങിയവർ പദയാത്രയ്ക്ക് നേതൃത്വം നൽകി.
പന്മന ആശ്രാമത്തിൽ നിന്നാരംഭിച്ച പദയാത്ര തേവലക്കര കാരാളിമുക്ക് വഴി ശാസ്താംകോട്ടയിൽ സമാപിച്ചു. നൂറു കണക്കിന് പ്രവർത്തകർ അണിനിരന്നു. വിവിധ കേന്ദ്രങ്ങളിൽ പാർട്ടി പ്രവർത്തകർ ജാഥയെ വരവേറ്റു. ശാസ്താംകോട്ടയിൽ നടന്ന സമാപന സമ്മേളനം രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു.