കൊല്ലം: നിരോധനത്തിലൂടെയും സായുധ ആക്രമണങ്ങളിലൂടെയും സി.പി.എമ്മിനെ ആർക്കും തകർക്കാൻ കഴിയില്ലെന്ന് വീണ്ടും ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എസ്. സുദേവൻ പറഞ്ഞു. കൊല്ലം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എതിർ രാഷ്ട്രീയക്കാർക്ക് സി.പി.എമ്മിനെ തകർക്കാൻ കഴിയുമെങ്കിൽ അത് നേരത്തെ സംഭവിക്കുമായിരുന്നു. ജില്ലയിലുള്ള 162 ലോക്കൽ കമ്മിറ്റികൾക്കും ഓഫീസുകൾ ഉണ്ടാക്കുകയാണ് അടുത്ത ലക്ഷ്യം. ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് ഓഫീസുകൾ വഴി കാലതാമസമില്ലാതെ പരിഹരിക്കും. വനഭൂമി, കല്ലട, പള്ളിക്കൽ, അച്ചൻകോവിൽ ആറുകൾ, അഷ്ടമുടി, ശാസ്‌താംകോട്ട കായലുകൾ എന്നിവയുടെ സംരക്ഷണം ഉറപ്പുവരുത്താൻ സി.പി.എം മുന്നിട്ടിറങ്ങും. ജില്ലയെ ഒരു ടൂറിസം ഹബ്ബാക്കി മാറ്റുന്നതിനുള്ള പ്രവർത്തനവും ശക്തമാക്കും.
കൊല്ലം തുറമുഖത്തിന്റെ വികസനം ശക്തമാക്കുക, ആധുനിക, പരമ്പരാഗത വ്യവസായങ്ങളുടെ പുനരുജ്ജീവനം, ആലപ്പാട്, മൺറോതുരുത്ത് പഞ്ചായത്തുകൾക്ക് സ്‌പെഷ്യൽ പാക്കേജ്, തീരദേശ സംരക്ഷണത്തിനുള്ള പദ്ധതികൾ, കെ- റെയിൽ പദ്ധതിക്ക് ആവശ്യമായ പിന്തുണ എന്നിവ അടിയന്തര പ്രാധാന്യത്തോടെ ഏറ്റെടുക്കും. ഫെബ്രുവരി 23നും 24നും നടത്തുന്ന ദ്വിദിന പണിമുടക്ക് വിജയിപ്പിക്കണം എന്നുള്ളതടക്കം 12 പ്രമേയങ്ങൾ ജില്ലാ സമ്മേളനം അംഗീകരിച്ചതായും 46 അംഗ ജില്ലാ കമ്മിറ്റിയെയും 35 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തതായും അദ്ദേഹം അറിയിച്ചു. കെ.എൻ. ബാലഗോപാലിന്റെ അദ്ധ്യക്ഷതയിൽ തിരഞ്ഞെടുത്ത 12 അംഗ ജില്ലാ സെക്രട്ടേറിയറ്റിൽ 5 അംഗങ്ങൾ പുതുമുഖങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.