കൊല്ലം: സാമ്പത്തിക തർക്കത്തിൽ മദ്ധ്യസ്ഥത വഹിച്ച യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ രണ്ടുപേർ പൊലീസ് പിടിയിലായി. തഴവ കടത്തൂർ പോച്ചയിൽ തെക്കതിൽ അജ്മൽ (22), കുലശേഖരപുരം കടത്തൂർ മലയിൽ തെക്കതിൽ പനമൂട്ടിൽ ജംഗ്ഷന് സമീപം മലയിൽ തെക്കതിൽ വീട്ടിൽ ആഷിക്ക് (22) എന്നിവരാണ് പിടിയിലായത്.
ആഷിക്കും കായംകുളം സ്വദേശിയായ നബീലുമായി സാമ്പത്തിക ഇടപാടിൽ ബന്ധപ്പെട്ട ഷംനാദിനെയാണ് ഇവരടങ്ങിയ സംഘം കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ആഷിക്കിന്റെ വീടിന് മുൻവശം റോഡിലാണ് സംഭവം. സാമ്പത്തിക ഇടപാട് പറഞ്ഞു തീർക്കാനെത്തിയ നബീലിനെ ഷംനാദ് സ്ഥലത്ത് നിന്നു പറഞ്ഞയയ്ക്കുകയായിരുന്നു. ഇതിൽ കുപിതരായ ആഷിക്ക് അടക്കമുളള സംഘം ഷംനാദിനെ ആക്രമിക്കുകയായിരുന്നു. കമ്പിവടി കൊണ്ട് തലയ്ക്കടിയേറ്റ ഷംനാദ് ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് ആക്രിക്കടക്കാരടക്കമുള്ളവരെ പൊലീസ് പിടികൂടുകയായിരുന്നു. എസ്.ഐമാരായ ജയശങ്കർ, അലോഷ്യസ് അലക്‌സാണ്ടർ, വിനോദ്കുമാർ, കലാധരൻപിള്ള, എ.എസ്.ഐമാരായ ഷാജിമോൻ, നൗഷാദ് എന്നിവർ ചേർന്നാണ് കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ പ്രതികളെ പിടികൂടിയത്.