t

 കൊട്ടാരക്കരയ്ക്ക് നഷ്ടമാവുമോ കേന്ദ്രീയ വിദ്യാലയം?

കൊല്ലം: അനുമതി ലഭിച്ചിട്ടും ആരംഭിക്കാൻ വൈകുന്ന കേന്ദ്രീയ വിദ്യാലയത്തിനായി കൊട്ടാരക്കരക്കാർ കാത്തിരിക്കാൻ തുടങ്ങിയിട്ട് അഞ്ചു വർഷത്തോളമാവുന്നു. ഒന്നു മുതൽ അഞ്ചുവരെ ക്ളാസുകൾ ആരംഭിക്കാൻ ഒരു താത്കാലിക കെട്ടിടം കണ്ടെത്താനാവാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

2013ൽ കൊടിക്കുന്നിൽ സുരേഷ് കേന്ദ്ര സഹമന്ത്രിയായിരിക്കുമ്പോഴാണ് സ്തൂളിന് അനുമതിയായത്. കൃഷി വകുപ്പിന്റെ അധീനതയിലായിരുന്ന അഞ്ചേക്കർ ഭൂമി സ്കൂൾ കെട്ടിടം നിർമ്മിക്കാൻ സംസ്ഥാന സർക്കാർ അനുവദിക്കുകയും ചെയ്തു. എന്നാൽ കെട്ടിട നിർമ്മാണം പൂർത്തിയാവുന്നതുവരെ താത്കാലിക കെട്ടിടത്തിൽ ക്ളാസ് ആരംഭിക്കാൻ നടത്തിയ പരിശ്രമങ്ങളെല്ലാം പാഴായി.

ഡയറ്റിന്റെ ഹോസ്റ്റൽ കെട്ടിടത്തിൽ ക്ളാസ് തുടങ്ങാനായിരുന്നു ആദ്യ ശ്രമം. താമസിക്കുന്നതിന് യോജിച്ച വിധം മുറികൾ തിരിച്ചിരിക്കുന്നതിനാൽ ക്ളാസ് മുറിയായി രൂപപ്പെടുത്താൻ ബുദ്ധിമുട്ടായി. രണ്ടു മുറികൾ ചേർത്ത് ഒരു ക്ലാസ് മുറിയുണ്ടാക്കാൻ ശ്രമിച്ചെങ്കിലും കെട്ടിടത്തിന് ബലക്കുറവാകുമെന്ന് കണ്ട് സെൻട്രൽ പബ്ളിക് വർക്ക് ഡിപ്പാർമെന്റ് അനുമതി നൽകിയില്ല.

എഴുകോൺ പോളിടെക്നിക്കിന്റെ കെട്ടിടവും 'കില'യുടെ കെട്ടിടവും ക്ളാസിനായി വിട്ടുതരാൻ അഭ്യർത്ഥിച്ചെങ്കിലും മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ അതിന് തയ്യാറായില്ല. കൊട്ടാരക്കര പോലെയൊരു നഗരത്തിൽ അഞ്ച് ക്ളാസുകൾ ആരംഭിക്കാൻ കെട്ടിടം ലഭ്യമാവാത്തത് നിരാശാജനകമാണെന്ന് നാട്ടുകാർ തന്നെ പറയുന്നു. താത്കാലികമായെങ്കിലും ക്ളാസുകൾ ആരംഭിക്കാനാവാത്തതിനാൽ കേന്ദ്രീയ വിദ്യാലയത്തിൽ പഠിക്കാനുള്ള കുട്ടികളുടെ അവസരമാണ് നഷ്ടമാകുന്നത്.

കൊട്ടാരക്കരയിൽ കേന്ദ്രീയ വിദ്യാലയം വരേണ്ടത് അനിവാര്യമാണ്. കുഞ്ഞുങ്ങൾക്ക് നിലവാരമുള്ള വിദ്യാഭ്യാസം, കായിക പരിശീലനം, അനുബന്ധ സംവിധാനങ്ങൾ എന്നിവയൊക്കെ നൽകാൻ ഇത് ഉപകരിക്കും. കേന്ദ്രീയ വിദ്യാലയം യാഥാർത്ഥ്യമാക്കാനായി രാഷ്ട്രീയ ഇടപെടൽ അടക്കം നടത്തും

കെ.ആർ. രാധാകൃഷ്ണൻ, സെക്രട്ടറി, ബി.ജെ.പി ജില്ലാ കമ്മിറ്റി