കൊല്ലം: ജില്ലാ ആശുപത്രിയിൽ കിഫ്ബിയിൽ നിന്നുള്ള 110 കോടി ചെലവഴിച്ച് പുതിയ കെട്ടിട സമുച്ചയങ്ങൾ നിർമ്മിക്കാനായി പഴയ കെട്ടിടങ്ങൾ വൈകാതെ പൊളിക്കും. ബ്ലഡ് ബാങ്ക്, ആർ.എം.ഒ ക്വാർട്ടേഴ്സ്, ലിംബ് സെന്റർ, ഐ.എൻ.എ വാർഡ്, സ്ത്രീകളുടെ ശൗചാലയം എന്നീ ഭാഗങ്ങളാണ് ആദ്യ ഘട്ടത്തിൽ പൊളിക്കുന്നത്. രണ്ടാംഘട്ടമായി കെ.എച്ച്.ആർ.ഡബ്ല്യു.എസ് വാർഡ് കെട്ടിടം, സ്റ്റോർ റൂം, പൊലീസ് സെൽ, മോർച്ചറി, ധന്വന്തരി കേന്ദ്രം എന്നിവയും പൊളിക്കും. ഇതിൽ ബ്ലഡ് ബാങ്ക് സ്ഥിതി ചെയ്യുന്നതൊഴികെ ബാക്കിയെല്ലാം ഏറെ കാലപ്പഴക്കമുള്ള കെട്ടിടങ്ങളാണ്.
ഐ.പി, ഒ.പി എന്നിവയ്ക്കായി 12 നിലകളുള്ള വാർഡ് ടവർ, വിവിധ പരിശോധന സംവിധാനങ്ങൾ ഒരുമിച്ച് ക്രമീകരിക്കാൻ എട്ട് നിലകളുള്ള ഡയഗ്നോസ്റ്റിക് ബ്ലോക്ക്, മോർച്ചറി, മെഡിക്കൽ റിപ്പോർട്ട് ലൈബ്രറി തുടങ്ങിയവയ്ക്കായി മൂന്ന് നില യൂട്ടിലിറ്റി ബ്ലോക്ക് എന്നിവയാണ് നിർമ്മിക്കുന്നത്. മോർച്ചറി, ബ്ലഡ് ബാങ്ക് എന്നിവ സ്ഥിതി ചെയ്യുന്നിടത്താണ് 12 നിലകളുള്ള വാർഡ് ടവർ വരുന്നത്. ഇപ്പോഴത്തെ ആർ.എം.ഒ ക്വാർട്ടേഴ്സിന്റെ ഭാഗത്ത് യൂട്ടിലിറ്റി ബ്ലോക്കും കാഷ്വാലിറ്റിയോട് ചേർന്ന് കെ.എച്ച്.ആർ.ഡബ്ല്യു.എസ് വാർഡ് സ്ഥിതി ചെയ്യുന്നിടത്ത് ഡയഗ്നോസ്റ്റിക് ബ്ലോക്കും വരും. ഇവയെല്ലാം ഒരുമിച്ച് പൊളിക്കാനാവില്ല. അതുകൊണ്ട് ഘട്ടംഘട്ടമായാകും നിർമ്മാണം. ആദ്യം വാർഡ് ടവറിന്റെ നിർമ്മാണം ആരംഭിക്കും.
നിർവഹണ ഏജൻസിയായ കെ.എസ്.ഇ.ബിയുടെ നേതൃത്വത്തിൽ വികസനത്തിനുള്ള രൂപരേഖയുടെ അവസാനഘട്ട മിനുക്ക് പണികൾ നടക്കുകയാണ്. വൈകാതെ രൂപരേഖ കിഫ്ബിക്ക് കൈമാറും. കാര്യമായ പരിഷ്കരണങ്ങൾ ആവശ്യമില്ലെങ്കിൽ രണ്ട് മാസത്തിനുള്ളിൽ ടെൻഡർ നടപടികൾ തുടങ്ങും.
ഒ.പി ബ്ലോക്കിൽ സൂപ്പർ സ്പെഷ്യാലിറ്റി
പുതിയ വാർഡ് ടവർ വരുന്നതോടെ നിലവിൽ ഐ.പി, ഒ.പി എന്നിവ പ്രവർത്തിക്കുന്ന കെട്ടിടം സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കായി മാറ്റും. ഇതിനായി കെട്ടിടത്തിൽ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തും. സൂപ്പർ സ്പെഷ്യാലിറ്റി ആരംഭിക്കാൻ വിവിധ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ കൂടുതൽ തസ്തികകൾ അനുവദിക്കേണ്ടതുണ്ട്.
എല്ലാ കെട്ടിടങ്ങളും ഒരുമിച്ച് പൊളിക്കില്ല. ഘട്ടം ഘട്ടമായാകും പൊളിക്കലും നിർമ്മാണവും അതുമായി ബന്ധപ്പെട്ട ആലോചനകൾ നടന്നുവരികയാണ്
ഡോ. വസന്തദാസ്, ജില്ലാ ആശുപത്രി സൂപ്രണ്ട്