thodiyoor-
അമേരിക്കൻ മലയാളികളായ സുരേഷ് കുമാറും ഭാര്യ ലേഖയും കുടുംബക്ഷേമ ഉപകേന്ദ്രം നിർമ്മിക്കാൻ സൗജന്യമായി വിട്ടുനൽകിയ എട്ട് സെന്റ് ഭൂമിയുടെ രേഖകൾ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ ഏറ്റു വാങ്ങുന്നു

തൊടിയൂർ: ഗ്രാമപഞ്ചായത്ത് 14-ാം വാർഡിൽ കുടുംബക്ഷേമ ഉപകേന്ദ്രം നിർമ്മിക്കാനായി അമേരിക്കൻ മലയാളി ദമ്പതികൾ 25 ലക്ഷം മതിപ്പ് വിലയുളള എട്ട് സെന്റ് ഭൂമി സൗജന്യമായി നൽകി. ടെക്സസിൽ എൻജിനീയറായ വേങ്ങറ പാലശ്ശേരിൽ വീട്ടിൽ സതീഷ് കുമാറും മൈക്രോബയോളജി ലാബിൽ ടെക്നീഷ്യനായ ഭാര്യ ലേഖയുമാണ് ഈ ഉദാരമനസ്ക്കർ.

ടെക്സസിൽ ഡോക്ടറായ മകൾ ശില്പയ്ക്കും മെഡിക്കൽ വിദ്യാർത്ഥിയായ ഇളയ മകൾ സാന്ദ്രയ്ക്കുമൊപ്പമാണ് ഇരുവരും അമേരിക്കയിൽ താമസിക്കുന്നത്. ബന്ധുവും സഹപാഠിയുമായ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രന്റെ അഭ്യർത്ഥന മാനിച്ചാണ് മാതാവ് ശ്രീദേവിയമ്മയുടെ സ്മരണാർത്ഥം ലേഖ വസ്തു സൗജന്യമായി നൽകിയത്. കാര്യാടി ജംഗ്ഷനിൽ മെയിൻ റോഡിനോട് ചേർന്നാണ് വസ്തു. വാർഡ് അംഗം ശ്രീകലയുടെ സാന്നിദ്ധ്യത്തിൽ വസ്തുവിന്റെ രേഖകൾ ബിന്ദുരാമചന്ദ്രൻ ഏറ്റുവാങ്ങി. വൈകാതെ കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ പണി ആരംഭിക്കുമെന്ന് ബിന്ദു രാമചന്ദ്രൻ പറഞ്ഞു.