police

കൊല്ലം: കൊട്ടാരക്കരയിൽ പ്രവർത്തിക്കുന്ന കൊല്ലം റൂറൽ വനിതാ സെല്ലിന് പുതിയ കെട്ടിടം നിർമ്മിക്കും. ഇതിനായി 75 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കുന്നു. കേരള പൊലീസ് ഹൗസിംഗ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ തയ്യാറാക്കിയ പ്ളാനും എസ്റ്റിമേറ്റും അനുമതിക്കായി സമർപ്പിച്ചു. കൊട്ടാരക്കര ഗവ.ഗേൾസ് ഹൈസ്കൂളിന് സമീപത്തായി വർഷങ്ങൾക്ക് മുമ്പ് എസ്.ഐയുടെ ക്വാർട്ടേഴ്സ് ആയിരുന്ന പഴയ കെട്ടിടത്തിലാണ് ഇപ്പോൾ വനിതാ സെൽ പ്രവർത്തിക്കുന്നത്. റൂറൽ ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷൻ പരിധികളിലെയും വനിതാസെൽ കൈകാര്യം ചെയ്യേണ്ട കേസുകൾ ഇവിടെയാണ് എത്തുന്നത്. തട്ടിക്കൂട്ട് സംവിധാനത്തിലുള്ള കെട്ടിടത്തിൽ മതിയായ സൗകര്യങ്ങളില്ലാതെ വലയുകയാണ് ഉദ്യോഗസ്ഥർ. പരാതി നൽകാനും പ്രതിചേർക്കപ്പെട്ട് വിളിച്ചുവരുത്തുന്നവരുമടക്കം ദിവസവും ഒട്ടേറെപ്പേർ എത്തുന്ന ഓഫീസിൽ ഇവർക്ക് ഇരിക്കാനുള്ള സൗകര്യങ്ങൾ പോലും പരിമിതമാണ്. വനിതാ സി.ഐ, രണ്ട് എസ്.ഐമാർ, രണ്ട് സീനിയർ സിവിൽ പൊലീസ് ഓഫീസർമാർ, പത്ത് സിവിൽ പൊലീസ് ഓഫീസർമാർ എന്നിവരടങ്ങുന്നതാണ് വനിതാ സെൽ. ഇവരെല്ലാം ഒരേ സമയത്ത് ഓഫീസിലെത്തിയാൽ നിന്നുതിരിയാൻ ഇടമില്ലാതെ ബുദ്ധിമുട്ടും. നേരത്തെ അധികാരക്കസേരയെച്ചൊല്ലി രണ്ട് വനിതാ എസ്.ഐമാർ തമ്മിലടിച്ചതും ഇവിടെയാണ്. ഇടയ്ക്ക് ഷീറ്റ് മേഞ്ഞ ഷെഡ് നിർമ്മിച്ചാണ് പുറമെ നിന്നുള്ളവരെ ഇരുത്തുന്നത്. കൗൺസലിംഗ് ഉൾപ്പടെ നടത്തുന്നതും ക്ളാസുകളെടുക്കുന്നതും ഇവിടെയാണ്. മെച്ചപ്പെട്ട സൗകര്യങ്ങളില്ലാത്തതിന്റെ നാണക്കേടിലാണ് ഉദ്യോഗസ്ഥരും.

കാത്തിരിക്കുന്നത്

ഹൈടെക് കെട്ടിടം

റൂറൽ ജില്ലാ വനിതാ സെല്ലിന്റെ പരിഗണനയിലാണ് പുതിയ കെട്ടിടം നിർമ്മിക്കുക. നേരത്തെ പൊലീസ് ക്വാർട്ടേഴ്സുകൾ നിന്നിരുന്ന ഭാഗത്താണ് പുതിയ കെട്ടിടമൊരുക്കുക. ഇവിടെത്തന്നെ പൊലീസ് ട്രെയിനിംഗ് സെന്റർ,​ കൊട്ടാരക്കര പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം,​ രണ്ട് ഫ്ളാറ്റ് സമുച്ചയങ്ങൾ എന്നിവയൊക്കെ നിർമ്മിക്കാൻ പദ്ധതികൾ തയ്യാറായിട്ടുണ്ട്. ഇതിനൊപ്പമാണ് വനിതാ സെല്ലിനും കെട്ടിടം നിർമ്മിക്കുക. ഫ്രണ്ട് ഓഫീസ്,​ വിശാലമായ ഹാൾ,​ സി.ഐയ്ക്കും എസ്.ഐമാർക്കും ഓഫീസ് മുറികൾ,​ കൗൺസലിംഗ് ഹാൾ,​ ശിശുസൗഹൃദ കേന്ദ്രം,​ വാഹന പാർക്കിംഗ് സംവിധാനം,​ വിശ്രമ മുറികൾ,​ ടോയ്ലറ്റ് സംവിധാനം,​ വീഡിയോ കോൺഫറൻസ് സംവിധാനം എന്നിവയടക്കം ഹൈടെക് സംവിധാനങ്ങളുള്ള കെട്ടിടമാണ് ഇവിടെ തയ്യാറാക്കുന്നത്.