t

കൊല്ലം: കൊവി‌‌ഡ് ബാധിച്ച് ഗൃഹനാഥനോ നാഥയോ മരണമടഞ്ഞ കുടുംബങ്ങൾക്കായി ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച 'കാമധേനു സാന്ത്വന സ്പർശം' പദ്ധതിക്ക് തുടക്കമായി. കുര്യോട്ടുമല സർക്കാർ ഹൈടെക്ക് ഫാമിൽ നടന്ന ചടങ്ങിൽ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം നിർവഹിച്ചു.

പൂർണ്ണ ഗർഭമുള്ളവയും കിടാക്കൾ ഉള്ളവയുമായ 30 പശുക്കളെ ഇന്നലെ വിതരണം ചെയ്തു. പദ്ധതിക്കായി 1.36 കോടിയാണ് ജില്ലാ പഞ്ചായത്ത് പദ്ധതിക്കായി നീക്കിവച്ചിട്ടുളളത്. 300 കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് സുമലാൽ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ഡോ. പി.കെ. ഗോപൻ, വസന്ത രമേശ്, അനിൽ എസ്.കല്ലേലിഭാഗം, ജെ. നജീബത്ത്, അംഗങ്ങളായ സുനിത രാജേഷ്, എൻ.എസ്. പ്രസന്ന കുമാർ, സി. ബാൾഡുവിൻ, കെ. അനിൽ കുമാർ, ജനപ്രതിനിധികളായ എ. ആനന്ദവല്ലി, ആർ. ജയൻ, ആരോമലുണ്ണി, ജെസി തോമസ്, സെക്രട്ടറി കെ. പ്രസാദ്, മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഡോ. ഡി. ഷൈൻ കുമാർ, ഹൈടെക് ഫാം സൂപ്രണ്ട് സി.എസ്. ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

 മ്യൂസിയത്തിന് രണ്ടരകോടി

കുര്യോട്ടുമലയിൽ ആരംഭിക്കുന്ന വളർത്തുമൃഗങ്ങളുടെ മ്യൂസിയത്തിൽ ഷെഡുകൾ നിർമ്മിക്കാൻ 2.50 കോടി ചെലവഴിക്കുമെന്ന് മന്ത്രി പറഞ്ഞു. വിവിധയിനം പശുക്കൾ, ആടുകൾ, ഒട്ടകപ്പക്ഷി, യമു, റിയ, വിവിധയിനം മുയലുകൾ, വെച്ചൂർ പശു, കാസർകോഡ് കുള്ളൻ, പുങ്കാനൂർ പശു, തുടങ്ങിയവ പ്രദർശന ശാലയിൽ ഉണ്ടാവും. പാർക്കിൽ വിവിധതരം റൈഡുകൾ, കുതിര സവാരി എന്നിവയും ക്രമീകരിക്കും. വിനോദ സഞ്ചാരികൾക്കായി മൂന്നു ഫാം ഹട്ടുകളും സജ്ജമാക്കും.