t

കൊല്ലം: സംസ്ഥാനത്ത് അർഹതപ്പെട്ട മുഴുവൻ പേർക്കും വേഗത്തിൽ ഭൂമി ലഭ്യമാക്കാൻ നടപടി സ്വീകരിച്ചു വരികയാണെന്ന് റവന്യുമന്ത്രി കെ. രാജൻ പറഞ്ഞു. പുനലൂർ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് ഭവനരഹിതരും ഭൂരഹിതരും ഇല്ലാത്ത സാഹചര്യമൊരുക്കുകയാണ് ലക്ഷ്യം. ഇതിനായി പട്ടയത്തിന്റെ ഡാഷ് ബോർഡ് അടിയന്തരമായി തയ്യാറാക്കും. പട്ടയത്തിനായി കിട്ടിയിട്ടുള്ള അപേക്ഷകൾ, അത് തീർപ്പാക്കാനാവാത്ത കാരണം, പട്ടയം നൽകാൻ വേണ്ട നടപടികൾ, ആവശ്യമെങ്കിൽ ചട്ടങ്ങളിൽ വരുത്തേണ്ട മാറ്റം തുടങ്ങിയ വിവരങ്ങളെല്ലാം ഉൾപ്പെടുന്ന ഡാഷ് ബോർഡ് ആണ് തയ്യാറാക്കുക. പുനലൂർ പേപ്പർമില്ലുമായി ബന്ധപ്പെട്ട 777 പട്ടയങ്ങൾ ഫെബ്രുവരി അവസാനത്തോടെ വിതരണം ചെയ്യാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. പട്ടയ വിതരണം നടത്തുന്ന പുനലൂർ പേപ്പർ മിൽ പ്രദേശം മന്ത്രി സന്ദർശിച്ചു. പി.എസ്. സുപാൽ എം.എൽ.എ, പുനലൂർ നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു