 
പുനലൂർ: അർഹതപ്പെട്ട എല്ലാവർക്കും വേഗത്തിൽ ഭൂമി ലഭ്യമാക്കുന്നതിനുളള നടപടികൾ സ്വീകരിച്ച് വരികയാണെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു.പുനലൂർ നിയോജക മണ്ഡലത്തിലെ പട്ടയ വിതരണത്തിന് പുറമേ, പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ സംബന്ധിച്ച് പി.എസ്.സുപാൽ എം.എൽ.എയുടെ ആവശ്യപ്രകാരം പുനലൂരിലെത്തിയ മന്ത്രി പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസിൽ ചേർന്ന ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു. കേരളത്തിൽ ഭൂരഹിത,ഭവനരഹിതരില്ലാത്ത സാഹചര്യമൊരുക്കുകയാണ് സർക്കാരിൻെറ ലക്ഷ്യം. ഇതിനായി പട്ടയത്തിന്റെ ഡാഷ് ബോർഡ് അടിയന്തരമായി തയ്യാറാക്കുകയാണ്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പട്ടയവിതരണം നടത്താനാണ് ലക്ഷ്യമിടുന്നത്. റീ സർവ്വേ ഡിജിറ്റലായി ചെയ്യുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. പുനലൂർ മണ്ഡലത്തിലെ പട്ടയ വിതരണ നടപടികൾ വേഗത്തിലാക്കാൻ റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥർ ജോയിന്റ് വെരിഫിക്കേഷൻ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. ആര്യങ്കാവിൽ ഉരുൾപെട്ടലിൽ നാശം സംഭവിച്ചതിനെ തുടർന്ന് വിവിധ വകുപ്പുകൾ നടത്തിയ പഠന റിപ്പോർട്ട് പി.എസ്.സുപാൽ എം.എൽ.എക്ക് നൽകി മന്ത്രി പ്രകാശനം ചെയ്തു.
അവലോകന യോഗത്തിന് ശേഷം കാഞ്ഞിരമലയിലെ പട്ടയ ഭൂമി സന്ദർശിക്കാനെത്തിയ മന്ത്രിക്ക് പട്ടയ സമര സമിതിയുടെ നേതൃത്വത്തിൽ വരവേൽപ്പ് നൽകി. നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ, പുനലൂർ ആർ.ഡി.ഒ.ബി.ശശികുമാർ, തഹസിൽദാർ കെ.എസ്.നസിയ,പുനലൂർ ഡി.എഫ്.ഒ ഷാനവാസ്, കൊല്ലം എ.ഡി.എം തുടങ്ങിയവരും ജനപ്രതിനിധികളും അവലോകന യോഗത്തിൽ സംബന്ധിച്ചു.