 
കൊട്ടിയം: വൈദ്യുത കേബിൾ സ്ഥാപിക്കാനെടുത്ത കുഴി ദിവസങ്ങൾ കഴിഞ്ഞിട്ടും മൂടാത്തതിനെ തുടർന്ന് വ്യാപാരികൾ പ്രതിസന്ധിയിൽ.
ദേശീയപാതയിൽ തട്ടാമല മുതൽ തട്ടാമല പള്ളി വരെയുള്ള ഭാഗത്താണ് ആഴത്തിൽ കുഴിയെടുത്തിരിക്കുന്നത്. കടകളിലേക്ക് കയറാൻ പോലും പറ്റാത്ത രീതിയിലാണ് കുഴിയെന്നതിനാൽ ആരും എത്തുന്നില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. ഇന്ന് കുഴി മൂടുമെന്നാണ് പറയുന്നത്. ജോലികൾക്കായി റോഡരികിൽ വയ്ക്കുന്ന ഡിവൈഡർ എത്തിക്കാൻ താമസിച്ചതാണ് നിർമ്മാണ പ്രവർത്തനങ്ങൾ നീളാൻ കാരണമെന്ന് ആരോപണമുണ്ട്. 11 കെ.വി കേബിൾ സ്ഥാപിക്കുന്നതിനാണ് കുഴിയെടുത്തിട്ടുള്ളത്. മണ്ണ് അവിടങ്ങളിൽ തന്നെ കൂട്ടി വച്ചിരിക്കുന്നതിനാൽ കാൽനട യാത്ര പോലും ദുസ്സഹമായ അവസ്ഥയാണ്.
ചെമ്മാൻമുക്ക് അയത്തിൽ റോഡ് അടച്ചിരിക്കുന്നതിനാൽ വാഹനങ്ങളെല്ലാം ഇതു വഴിയാണ് പോകുന്നത്. കുഴിയെടുപ്പ് നടക്കുന്നതിനാൽ തട്ടാമല ഭാഗത്ത് ഗതാഗതകുരുക്കും രൂക്ഷമാണ്.