
കൊല്ലം: കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് ധനസഹായം നൽകുന്നതിനുള്ള അപേക്ഷ സ്വീകരിക്കാൻ ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളിലും അദാലത്ത് നടത്തുമെന്ന് കളക്ടർ അഫ്സാന പർവീൺ പറഞ്ഞു. ഏഴിന് രാവിലെ 10 മുതൽ അഞ്ചു വരെയാണ് അദാലത്ത്.
അപേക്ഷിച്ചിട്ടും ധനസഹായം കിട്ടാത്തവർ, ആവശ്യമായ രേഖകളില്ലാത്തതിനാൽ അപേക്ഷ തിരികെ കിട്ടിയവർ, ഇനി അപേക്ഷിക്കേണ്ടവർ എന്നിവർ അവസരം വിനിയോഗിക്കണം. ന്യൂനതകൾ പരിഹരിച്ച് അർഹരായ എല്ലാവർക്കും സഹായം ലഭ്യമാക്കുകയാണ് ലക്ഷ്യം. ജില്ലയിൽ 4576 കൊവിഡ് മരണമാണ് സ്ഥീരികരിച്ചത്. തുടക്കത്തിൽ നഷ്ടപരിഹാരത്തിനായി ആയിരത്തിൽ താഴെ മാത്രമായിരുന്നു അപേക്ഷകൾ. താലൂക്ക്തല അദാലത്തിലൂടെ അപേക്ഷകരുടെ എണ്ണം 2425 ആയി ഉയർന്നു. ശേഷിക്കുന്ന 2151 പേരുടെ അപേക്ഷയാണ് അദാലത്തിലൂടെ പ്രതീക്ഷിക്കുന്നത്. ലഭിക്കുന്ന അപേക്ഷകൾ അതിവേഗത്തിൽ തുടർനടപടികൾക്ക് നൽകുന്നുണ്ട്. തുക എത്രയും വേഗം ലഭ്യമാക്കും.
മരിച്ചവരുടെ അവകാശികൾക്ക് 50,000 രൂപ ഒറ്റത്തവണ നൽകും. പ്രതിമാസം 5,000 രൂപയാണ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ ആശ്രിതർക്ക് ലഭിക്കുക. അപേക്ഷ കൃത്യമായി നൽകാൻ അർഹതപ്പെട്ടവർ തയ്യാറാകണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു.