photo
അഴീക്കൽ തീരത്ത് ജില്ലാ പഞ്ചായത്ത് നിർമ്മിച്ച ടോയ്ലറ്റ് കെട്ടിട സമുച്ചയം.

 അഴീക്കൽ ബീച്ചിലെ ടോയ്ലറ്റുകൾ നോക്കുകുത്തി

 ആശ്വാസം പകരുന്നത് അയൽ വീട്ടുകാർ

കരുനാഗപ്പള്ളി: ഭംഗിയായി പണിത ടോയ്ലറ്റ് ഉണ്ടെങ്കിലും അഴീക്കൽ ബീച്ചിലെത്തുന്ന ടൂറിസ്റ്റുകൾ ഉൾപ്പടെയുള്ളവർക്ക് അത് ഉപയോഗിക്കാൻ ഇതുവരെ യോഗമുണ്ടായിട്ടില്ല. സ്ത്രീകളും പെൺകുട്ടികളുമാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. ബീച്ചിനു സമീപത്തെ വീട്ടുകാർ തങ്ങളുടെ ടോയ്ലറ്റ് ചെറിയ ഫീസ് ഈടാക്കി വിട്ടുനൽകുന്നതാണ് അത്യാവശ്യ ഘട്ടങ്ങളിൽ സഞ്ചാരികൾക്ക് ആശ്വാസം പകരുന്നത്.

ഒന്നര വർഷം മുമ്പാണ് അഴീക്കൽ പാലത്തിന് സമീപം ആധുനിക സൗകര്യങ്ങളോട് കൂടിയ ടോയ്ലറ്റ് സമുച്ചയം നിർമ്മിച്ചത്.

കൊല്ലം ജില്ലാ പഞ്ചായത്തിന്റെ 'തണ്ണീർ പന്തൽ' പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപയാണ് ടോയ്ലറ്റ് സമുച്ചയത്തിന് ചെലവിട്ടത്. രണ്ട് കക്കൂസ് മുറികളും ഒരു വിശ്രമ മുറിയും ഒരു എ.ടി.എം കൗണ്ടറും ഉൾക്കൊള്ളുന്നതാണ് ഈ സമുച്ചയം. എന്നാൽ, ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും ടോയ്ലറ്റ് സമുച്ചയം തുറന്നുകൊടുക്കാനായില്ല. വൈദ്യുതിയും പൈപ്പ് ലൈൻ കണക്ഷനും ലഭിക്കാത്തതാണ് കെട്ടിട സമുച്ചയം തുറക്കാൻ തടസ്സമായി നിൽക്കുന്നതെന്നാണ് അറിയുന്നത്. ആലപ്പാട് ഗ്രാമപഞ്ചായത്തിൽ നിന്ന് കെട്ടിടത്തിന് നമ്പർ ലഭിക്കാത്തതിനാൽ വൈദ്യുതി, വെള്ളം കണക്ഷനുകൾക്ക് അപേക്ഷിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്.

കായൽ തീരത്ത് നിന്ന് 50 മീറ്റർ ഉള്ളിലായിട്ടാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. തീരദേശ പരിപാലന നിയന്ത്രണ ബോർഡാണ് കെട്ടിടത്തിന് നമ്പർ നൽകാൻ അനുവാദം നൽകേണ്ടത്. ആവശ്യമെങ്കിൽ കക്കൂസ് മുറികൾക്ക് അനുവാദം നൽകാൻ അവർ തയ്യാറാണ്. എന്നാൽ, വിശ്രമ മുറിക്കും എ.ടി.എം കൗണ്ടറിനും നമ്പർ നൽകാൻ നിയമം അനുവദിക്കുന്നില്ലെന്നാണ് ബന്ധപ്പെട്ട അധികൃതരുടെ നിലപാട്. തീരദേശ നിയന്ത്രണ ബോർഡിന്റെ അനുവാദമില്ലാതെ ഗ്രാമപഞ്ചായത്തിന് കെട്ടിടത്തിന് നമ്പർ ഇട്ട് നൽകാനും കഴിയുകയില്ല.

മൂവായിരത്തിലേറെ സഞ്ചാരികൾ

തുറമുഖവകുപ്പ് അനുവദിച്ച സ്ഥലത്താണ് ജില്ലാ പഞ്ചായത്ത് ടോയിലറ്റ് സമുച്ചയം നിർമ്മിച്ചത്. പേ ഇൻ യൂസ് ലക്ഷ്യമിട്ട് നിർമ്മിച്ച ടോയ്ലറ്റ് പാട്ടത്തിന് നൽകാനാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിട്ടിരുന്നത്. സ്ഥലത്തിന്റെ കൈവശവകാശ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ കണക്ഷന് അപേക്ഷ നൽകാൻ കഴിയുമെന്നാണ് ഇതുമായി ബന്ധപ്പെട്ടവർ പറയുന്ന്.

ബീച്ചിനു സമീപത്തെ സ്വകാര്യ വ്യക്തികൾ വീടുകളിലെ ടോയ്ലറ്റ് ചെറിയ ഫീസ് ഈടാക്കി നൽകുന്നതാണ് ടൂറിസ്റ്റുകൾ ഉൾപ്പടെയുള്ളവരുടെ ആകെയുള്ള ആശ്വാസം. നിലവിൽ ആലപ്പാട് ഗ്രാമപഞ്ചായത്തോ ഡി.ടി.പി.സി യോ വിനോദ സഞ്ചാരികളിൽ നിന്ന് പ്രവേശന ഫീസ് വാങ്ങുന്നില്ല. ഒരു ദിവസം 3000 ലേറെ സഞ്ചാരികൾ ഇവിടെ എത്തുന്നണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഗ്രാമപഞ്ചായത്ത് മുൻകൈയ്യെടുത്താൽ നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്.