കൊല്ലം: ഏത് നിമിഷവും തകർന്നുവീണേക്കാവുന്ന അവസ്ഥയിലുള്ള പള്ളിത്തോട്ടം പൊലീസ് സ്റ്റേഷന്റെ ശനിദിശ മാറാൻ സാദ്ധ്യത തെളിയുന്നു. ഇപ്പോൾ സ്റ്റേഷൻ നിലനിൽക്കുന്ന റവന്യു വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം ആഭ്യന്തരവകുപ്പിന് കൈമാറുന്നതിനുള്ള നടപടി തുടങ്ങി. ഇതോടെ ഇവിടെ പുതിയ സ്റ്റേഷൻ നിർമ്മാണം ആരംഭിക്കാനാവും.
സ്റ്റേഷൻ പ്രവർത്തിക്കുന്ന 10 സെന്റ് സ്ഥലം കൈമാറാമെന്ന ശുപാർശ വില്ലേജ് ഓഫീസർ കളക്ടർക്ക് കൈമാറി. ഇക്കാര്യത്തിൽ മന്ത്രിസഭയാണ് ഇനി തീരുമാനമെടുക്കേണ്ടത്. ഭൂമിയുടെ ഉടമസ്ഥത റവന്യു വകുപ്പിൽ തന്നെ നിലനിറുത്തി ഉപയോഗ അനുമതി നൽകാനാണ് സാദ്ധ്യത. തൊട്ടുചേർന്നുള്ള സ്ഥലം തുറമുഖ വകുപ്പിന് കൈമാറാനും ശുപാർശയുണ്ട്.
പൊലീസ് സ്റ്റേഷൻ കെട്ടിടം ജീർണാവസ്ഥയിലായിട്ട് വർഷങ്ങളായി. ഏതു നിമിഷവും നിലം പോത്താവുന്ന സ്ഥിതിയിലാണ് കെട്ടിടം. ബലക്ഷയമുള്ള മേൽക്കൂരയുടെ ചോർച്ചയാണ് പ്രധാന പ്രശ്നം. സ്റ്റേഷൻ ഹൗസ് ഓഫീസർ ഉൾപ്പടെ 38 പൊലീസുകാർ സ്റ്റേഷനിലുണ്ട്. പല മുറികളും ഉപയോഗയോഗ്യമല്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ടിയാണ് ഓഫീസ് പ്രവർത്തനം നടക്കുന്നത്.
കമ്പ്യൂട്ടറുകളും അരക്ഷിതം
കമ്പ്യൂട്ടറുകൾ സൂക്ഷിക്കാനുള്ള സൗകര്യങ്ങളും പരിമിതമാണ്. രണ്ടു വർഷം മുൻപ് പള്ളിത്തോട്ടം സ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കാൻ 80 ലക്ഷം രൂപ സർക്കാർ അനുവദിച്ചിരുന്നു. മൂന്നു നിലകളിലായി കെട്ടിടം നിർമ്മിക്കാനായിരുന്നു പദ്ധതി. അപ്പോഴാണ് ഭൂമി വിഷയമായത്. ഇപ്പോൾ കസ്റ്റംസിനായി കെട്ടിടം നിർമ്മിച്ച സ്ഥലം ഉൾപ്പെടെ പൊലീസിനു വേണ്ടി ആലോചിച്ചിരുന്നു. സൗകര്യപ്പെട്ട മറ്റു സ്ഥലങ്ങൾ ലഭിക്കാതെ വന്നപ്പോൾ നിലവിൽ പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്ന ഭൂമി റവന്യു വകുപ്പിനോട് ആവശ്യപ്പെടുകയായിരുന്നു.