
 ഇത്തരമൊരു പദ്ധതി ഇന്ത്യയിൽ ആദ്യം
കൊല്ലം: സംസ്ഥാനത്ത് സ്ഥിരതാമസക്കാരായ എല്ലാവരിലേക്കും ഭരണഘടനയെപ്പറ്റി അവബോധം വളർത്തുന്നതിന് സർക്കാർ പദ്ധതി തയ്യാറാക്കുന്നു. 'ദി സിറ്റിസൺ-2022' എന്ന പേരിൽ സമ്പൂർണ ഭരണഘടന സാക്ഷരതാ കാമ്പയിൻ നടപ്പാക്കാനാണ് തീരുമാനം. ഇതിന്റെ ആദ്യഘട്ടം കൊല്ലം ജില്ലയിൽ ഈ മാസം 26ന് ആരംഭിക്കും.
ആഗസ്റ്റ് 14ന് അർദ്ധരാത്രിയോടെ ജില്ലയെ സമ്പൂർണ ഭരണഘടനാ സാക്ഷരതാ ജില്ലയായി പ്രഖ്യാപിക്കാനാണ് നീക്കം. തുടർന്ന് മറ്റ് ജില്ലകളിൽ പദ്ധതി നടപ്പാക്കി സംസ്ഥാനത്ത് സ്ഥിരതാമസക്കാരായ എല്ലാവരിലേക്കും രാജ്യത്തിന്റെ ഭരണഘടനയെപ്പറ്റി അവബോധം എത്തിക്കാനാണ് ശ്രമം. ഭരണഘടനയിലെ അടിസ്ഥാന മൂല്യങ്ങൾ സംരക്ഷിക്കുക, പൗരന്മാരെ സ്വന്തം അവകാശങ്ങളെപ്പറ്റി ബോധവാന്മാരാക്കുക, ഭരണഘടനാ ലംഘനങ്ങളെ തടയാൻ പ്രാപ്തരായ സമൂഹത്തെ വളർത്തുക തുടങ്ങിയ വിശാല കാഴ്ചപ്പാടുകളോടെയാണ് സർക്കാർ പദ്ധതി നടപ്പാക്കുന്നത്. ജില്ലാ ആസൂത്രണ സമിതി, ജില്ലാ പഞ്ചായത്ത്, കില എന്നിവ സംയുക്തമായിട്ടാണ് ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കിയാണ് പദ്ധതിയെ ജനകീയമാക്കുന്നത്. ഇന്ത്യയിൽ ആദ്യമായിട്ടാണ് പൊതുസമൂഹത്തെ ഭരണഘടന പഠിപ്പിക്കാൻ സംസ്ഥാന സർക്കാർ പദ്ധതി തയ്യാറാക്കുന്നത്.
ആദ്യം കൊല്ലത്ത്
ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ പ്രദേശങ്ങളിലും കാമ്പയിൻ സംഘടിപ്പിച്ചാണ് ഭരണഘടന അവബോധം വളർത്തുന്നത്. ഇതിന്റെ ഭാഗമായി ആദ്യ യോഗം ഇന്നലെ കൊട്ടാരക്കര കിലയിൽ ചേർന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷന്മാരെയും സെക്രട്ടറിമാരെയും റിസോഴ്സ് പേഴ്സൺമാരെയും പങ്കെടുപ്പിച്ചുകൊണ്ടാണ് യോഗം ചേർന്നത്. കില ഡയറക്ടർ ഡോ.ജോയ് ഇളമണിന്റെ നേതൃത്വത്തിലായിരുന്നു ആദ്യ യോഗം. തുടർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ പരിശീലക ടീമിനെ കില നിയോഗിക്കും. ഇവർക്ക് പരിശീലനം നൽകിയശേഷമാണ് വാർഡുതലങ്ങളിൽ ഉൾപ്പടെ ക്ളാസുകളും മറ്റ് പ്രവർത്തനങ്ങളും നടത്തുന്നത്. പരിശീലകർക്ക് നിശ്ചിത വേതനം നൽകും. ഏഴ് ലക്ഷം കുടുംബങ്ങൾക്കാണ് ജില്ലയിൽ ഭരണഘടന അവബോധം നൽകേണ്ടത്. കോളനികളിലും മത്സ്യത്തൊഴിലാളി മേഖലകളിലും കൂടുതൽ സജീവ ഇടപെടലുകൾ നടത്തും. ഈ മാസം 26ന് പദ്ധതിക്ക് തുടക്കംകുറിക്കും. അതിന് മുമ്പായി പരിശീലകരെ അടക്കം കണ്ടെത്തും.