t

കൊല്ലം: പത്തനാപുരം ഗാന്ധിഭവന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ഗാന്ധിജി ക്ലബ്ബ് രൂപീകരിക്കുമെന്ന് വൈസ് ചെയർമാൻ പി.എസ്. അമൽരാജ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. വർഗീയതയും വിഭാഗീയതയുമില്ലാത്ത ലക്ഷ്യബോധമുള്ള പൗരന്മാരെ സൃഷ്ടിക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും അനുമതിയോടെ ക്ലബ്ബിന്റെ പ്രവർത്തനം തുടങ്ങും. ശനിയാഴ്ച രാവിലെ 11 ന് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ കേരള ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്യും. മുൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ. നായർ അദ്ധ്യക്ഷത വഹിക്കും. കെ.എസ്.ഇ.ബി എം.ഡി ഡോ.ബി. അശോക് സന്ദേശ പ്രഖ്യാപനം നടത്തും. സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ ബാലപ്രതിഭകളെ ആദരിക്കും. ക്ലബ്ബ് സെക്രട്ടറി വിൻസെന്റ് ഡാനിയേൽ, മുൻ ജയിൽ ഡി.ഐ.ജി ബി. പ്രദീപ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.