t

കൊല്ലം: വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കേരള സിറാമിക്സ് ലിമിറ്റഡിന് 2019-20 വർഷത്തെ ഉത്പാദന ക്ഷമതയ്ക്കുള്ള എഫ്.എ.സി.ടിയുടെ പുരസ്കാരം ലഭിച്ചതായി ചെയർമാൻ വായോളി മുഹമ്മദ്, എം.ഡി പി. സതീഷ് കുമാർ, ഭരണസമിതി അംഗം സി. ബാൾഡുവിൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സംസ്ഥാന പ്രെഡക്ടിവിറ്റി കൗൺസിലിന്റെ എഫ്.എ.സി.ടി എം.കെ.കെ. നായർ പുരസ്കാരമാണ് ലഭിച്ചത്. വിറ്റുവരവ് 50 കോടിയിൽ താഴെയുള്ള സ്ഥാപനങ്ങൾ ഉൾപ്പെടുന്ന ഗ്രൂപ്പ് നാല് കാറ്റഗറിയിൽ രണ്ടാം സ്ഥാനമാണ് ലഭിച്ചത്. വ്യവസായ മന്ത്രി പി. രാജീവ് പുരസ്കാരം സമ്മാനിച്ചു. 2016ൽ കനത്ത നഷ്ടവും ഉത്പാദനത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ ദൗർലഭ്യവും മൂലം കമ്പനി അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നു. നിരവധി നടപടികൾ സ്വീകരിച്ചതിന്റെ ഭാഗമായി 2018-19 സാമ്പത്തിക വർഷം മുതൽ പ്രവർത്തന ലാഭത്തിലെത്തി. വരുന്ന 15 വർഷത്തെ ആവശ്യം മുന്നിൽ കണ്ട് മൈനിംഗിനുള്ള ഭൂമി വാങ്ങൽ 2020ൽ പൂർത്തീകരിച്ചു. 2016-17 കാലഘട്ടത്തെ അപേക്ഷിച്ച് ഉത്പാദനം 201.53 ശതമാനം വർദ്ധിച്ചു. വിറ്റുവരവിലെ വർദ്ധന 233.19 ശതമാനമാണ്.

പ്രവർത്തന മികവ്, ഉത്പാദനത്തിലും വിപണനത്തിലും കൈവരിച്ച മുന്നേറ്റം, ചെലവ് കുറയ്ക്കാനും മലിനീകരണം നിയന്ത്രിക്കാനും കൈക്കൊണ്ട നടപടി, പുതിയ സാങ്കേതിക വിദ്യകളുടെ സ്വീകരണം എന്നിങ്ങനെയുള്ള മാനദണ്ഡങ്ങളാണ് കമ്പനിയെ പുരസ്കാരത്തിനു അർഹമാക്കിയതെന്ന് അധികൃതർ പറഞ്ഞു.