കൊല്ലം: വീടിനോട് ചേർന്നുള്ള ഷെഡ് ഉപയോഗിക്കുന്നത് വിലക്കിയ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തെ പൊലീസ് പിടികൂടി. ശക്തികുളങ്ങര കന്നിമേൽ ഗോപിക്കട ജംഗ്ഷനു സമീപം രാത്തോട്ടിൽ വീട്ടിൽ രാധാകൃഷ്ണപിളള (ശ്രീനിവാസൻ- 52), ശക്തികുളങ്ങര, കന്നിമേൽ ഗോപിക്കട ജംഗ്ഷന് സമീപം പറമേൽ വടക്കത്തിൽഗോപകുമാർ (പൊന്നൻ-40), ശക്തികുളങ്ങര കന്നിമേൽ ഗോപിക്കട ജംഗ്ഷന് സമീപം രാജേഷ് ഭവനത്തിൽ രാജേഷ് (വേതാളം- 39) എന്നിവരാണ് പിടിയിലായത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് വേതാളം രാജേഷ്. ശക്തികുളങ്ങര മണികണ്ഠ ഭവനത്തോട് ചേർന്നുളള ഷെഡിൽ ഉറങ്ങാൻ ശ്രമിച്ച ഇവരെ വീട്ടുടമയായ രാജേഷ് വിലക്കി. തുടർന്ന് ഇവർ സംഘം ചേർന്ന് രാജേഷിനെ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. ബിയർകുപ്പിക്ക് രാജേഷിന്റെ തലയ്ക്കടിച്ച് മുറിപ്പെടുത്തുകയായിരുന്നു. കൺട്രോൾ റൂം ഇൻസ്‌പെക്ടർ എസ്.ടി. ബിജുവിന്റെ നേതൃത്വത്തിൽ ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ അനീഷ്, എ.എസ്.ഐമാരായ വസന്തൻ, സുനിൽകുമാർ, അനിൽകുമാർ, സാബിൻ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.