
കൊല്ലം: വളർത്തുമൃഗങ്ങൾക്ക് വൻ തുക ലൈസൻസ് ഫീസ് ഏർപ്പെടുത്താനുള്ള കോർപ്പറേഷൻ നീക്കത്തിൽ പ്രതിഷേധം. നായ, പൂച്ച, പശു കുതിര തുടങ്ങി എല്ലാ വളർത്തുമൃഗങ്ങൾക്കും ലൈസൻസ് നൽകാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. ഫീസ് നിരക്ക് ഉൾപ്പെടെയുള്ള ബൈലായ്ക്ക് 11ന് ചേരുന്ന കൗൺസിൽ യോഗം അംഗീകാരം നൽകും.
വളർത്തുനായയ്ക്ക് 250 രൂപയാണ് കരട് ബൈലായിൽ രജിസ്ട്രേഷൻ ഫീസ് നിശ്ചയിച്ചിരിക്കുന്നത്. വർഷം തോറും ലൈസൻസ് പുതുക്കുമ്പോൾ ഈ തുക നൽകേണ്ടി വരും. ഉയർന്ന തുക ഈടാക്കുമ്പോൾ പലരും ലൈസൻസ് എടുക്കുന്നതിനോട് വിമുഖത കാട്ടാൻ സാദ്ധ്യതയുണ്ട്. വളർത്തുനായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്നത് തടയാനും പേവിഷ പ്രതിരോധ കുത്തിവയ്പ് ഉറപ്പാക്കാനുമാണ് നായകൾക്ക് ലൈസൻസ് ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഇതിനൊപ്പം അടുത്തിടെയുള്ള സർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ വളർത്തുമൃഗങ്ങളെയും ലൈസൻസിന്റെ പരിധിയിൽ കൊണ്ടുവരാൻ തീരുമാനിക്കുകയായിരുന്നു.
പേ വിഷ പ്രതിരോധ കുത്തിവയ്പ് എടുത്ത വളർത്തുനായ്ക്കൾക്ക് മാത്രമേ ലൈസൻസ് നൽകുകയുള്ളു. വർഷം തോറും പുതുക്കുമ്പോഴും ഇക്കാര്യം ഉറപ്പാക്കും. ഒരുമാസത്തിനുള്ളിൽ നായ്കളുടെ ലൈസൻസിംഗ് നടപടികൾ ആരംഭിക്കാനാണ് ആലോചന.
# മൈക്രോ ചിപ്പ് ഉടൻ
ലൈസൻസുള്ള നായ്ക്കളെ തിരിച്ചറിയാനായി മൈക്രോ ചിപ്പ് സംവിധാനം ഏർപ്പെടുത്താനും ആലോചനയുണ്ട്. അടുത്ത വാർഷിക പദ്ധതിയിൽ ഇതിനുള്ള പണം വകയിരുത്തും.
# കരട് ബൈലോയിൽ രജിസ്ട്രേഷൻ ഫീസ്
 വളർത്തുനായ: ₹ 250
 പൂച്ച: ₹ 100
 കന്നുകാലി: ₹ 100
 പന്നി: ₹ 100
 കുതിര, മറ്റ് മൃഗങ്ങൾ: ₹ 1,000