 
 തീരുമാനം കേരളകൗമുദി വാർത്തകളുടെ പശ്ചാത്തലത്തിൽ
കരുനാഗപ്പള്ളി: അഴീക്കൽ ബീച്ചിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് മാസ്റ്റർ പ്ലാൻ തയ്യാറാക്കി സർക്കാരിന് സമർപ്പിക്കാൻ സി.ആർ.മഹേഷ് എം.എൽ.എയുടെ അദ്ധ്യതയിൽ ഇന്നലെ കരുനാഗപ്പള്ളിയിൽ കൂടിയ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം തീരുമാനിച്ചു.
ബീച്ചിന്റെ ശോചനീയാവസ്ഥ കഴിഞ്ഞദിവസങ്ങളിൽ 'കേരളകൗമുദി' ചൂണ്ടിക്കാട്ടിയിരുന്നു.
ടൂറിസവുമായി ബന്ധപ്പെട്ട് ഒന്നിലധികം വകുപ്പുകളുടെ സഹകരണം ആവശ്യമായതിനാൽ കളക്ടറുടെ സാന്നിദ്ധ്യത്തിൽ, ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് കൂട്ടാനും ധാരണയായി. സാമൂഹ്യ വിരുദ്ധ ശല്യം ഒഴിവാക്കുന്നതിന്റെ ഭാഗമായി പൊലീസ് പെട്രോളിംഗ് ശക്തപ്പെടുത്താനും പ്രധാന പുലിമുട്ടിന്റെ പ്രവേശന കവാടം ബാരക്കേഡകൾ വെച്ച് സുരക്ഷിതമാക്കാനും തീരുമാനിച്ചു. ബീച്ചിന്റെ വിവിധ ഭാഗങ്ങളിൽ സി.സി.ടി.വി കാമറകൾ, പൊലീസിന്റെയും എക്സൈസിന്റെയും സംയുക്ത എയ്ഡ് പോസ്റ്റുകൾ, ഇൻഫർമേഷൻ സെന്റർ, ടൂറിസം പൊലീസിന്റെ സേവനം, ലൈഫ് ഗാർഡുകളുടെ എണ്ണം കൂട്ടൽ, പാർക്കിംഗ് സൗകര്യം, ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കൽ, ലഹരി വസ്തുക്കളുടെ വിപണനം തടയൽ എന്നിവയും യോഗം ചർച്ച ചെയ്തു.
ഈ ആവശ്യങ്ങൾ കളക്ടറുടെ ചെംബറിൽ കൂടുന്ന ഉന്നതതല യോഗത്തിൽ റിപ്പോർട്ടായി അവതരിപ്പിക്കാൻ ഡി.ടി.പി.സി ഉദ്യോഗസ്ഥരെ യോഗം ചുമതലപ്പെടുത്തി. ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.ഉല്ലാസ്, വൈസ് പ്രസിഡന്റ് ഷൈമ, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിഷ, എ.സി.പി. ഷൈനു തോമസ്, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശിവപ്രസാദ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കമലമ്മ, ഡി.ടിീ.പി.സി എക്സിക്യൂട്ടീവ് ഓഫീസർ ഗീത എന്നിവർ യോഗത്തിൽ പങ്കെടുത്തു.