കൊല്ലം: ഗ്രാമങ്ങളിൽ പൊതു ഇടങ്ങൾ സൃഷ്ടിക്കാനായി ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച ഗ്രാമജ്യോതി പദ്ധതി പ്രകാരം കടയ്ക്കൽ ദേവീക്ഷേത്രത്തോടു ചേർന്നുള്ള കുളവും ചുറ്റുപാടുകളും 80 ലക്ഷം രൂപ ചെലവിൽ നവീകരിക്കും.

300 പേരെ ഉൾക്കൊള്ളാവുന്ന ഓപ്പൺ സ്റ്റേജ്, ആംപി തിയേറ്റർ, കൽമണ്ഡപങ്ങൾ, ഫിറ്റ്നസ് പാർക്ക്, ഇരിപ്പിടങ്ങൾ, നടപ്പാത, സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. പത്തോളം കായിക ഉപകരണങ്ങൾ ഓപ്പൺ ജിംനേഷ്യത്തിലുണ്ടാവും. ക്ഷേത്രത്തോടു ചേർന്ന് 10 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്നതാണ് ക്ഷേത്രം. ഒട്ടേറെ തീർത്ഥാടകർ വന്നു ചേരുന്ന ക്ഷേത്രമാണ് കടയ്ക്കൽ ദേവീക്ഷേത്രം. പിൽഗ്രിം ടൂറിസം വികസനം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം 14ന് വൈകി​ട്ട് 4ന് നടക്കും.

ഗ്രാമീണരായ ജനങ്ങൾക്ക് ഒരുമിച്ചു കൂടാനുളള പൊതു ഇടങ്ങൾ ഉണ്ടാക്കുകയാണ് ഗ്രാമജ്യോതി പദ്ധതിയുടെ ലക്ഷ്യം. ജനങ്ങളുടെ കായികവും മാനസികവുമായ വളർച്ചയാണ് ആഗ്രഹിക്കുന്നത്. എല്ലാ ഗ്രാമങ്ങളിലും ഒരു പദ്ധതി ലക്ഷ്യമിടുന്നു. ഗ്രാമത്തിലെ സാംസ്കാരിക കൂട്ടായ്മയുടെ കേന്ദ്രമായി പൊതു ഇടങ്ങൾ മാറണം

സാം കെ.ഡാനിയേൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്