photo
എഴുകോൺ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ മാതൃക

കൊല്ലം: എഴുകോൺ പൊലീസ് സ്റ്റേഷന് സ്വന്തം കെട്ടിടമൊരുങ്ങുന്നു, നിർമ്മാണ ജോലികൾക്ക് തുടക്കമായി. എഴുകോൺ അറുപറക്കോണം വെട്ടിലക്കോണത്ത് കെ.ഐ.പി വകയായി ഉണ്ടായിരുന്ന ഭൂമിയിൽ നിന്ന് 20 സെന്റ് പൊലീസ് സ്റ്റേഷനായി അനുവദിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ശിലാസ്ഥാപനം നടത്താനായി കാത്തിരുന്നതാണെങ്കിലും പിന്നീട് നിർമ്മാണ ജോലികൾ തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു. വിപുലമായ നിർമ്മാണ ഉദ്ഘാടന ചടങ്ങ് ഉടനെ ഉണ്ടാകും. കൊട്ടാരക്കരയിലെ പൊലീസ് ട്രെയിനിംഗ് സെന്ററിന്റെയും എഴുകോൺ സ്റ്റേഷൻ ആസ്ഥാനത്തിന്റെയും നിർമ്മാണോദ്ഘാടനം ഒരുമിച്ച് നടത്താനാണ്

തീരുമാനം.

1.53 കോടിയുടെ പദ്ധതി

എഴുകോൺ പാെലീസ് സ്റ്റേഷൻ കെട്ടിട നിർമ്മാണത്തിനായി 1,53,65000 രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. ഇതിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഇതിൽ 35 ലക്ഷം രൂപയാണ് ഈ സാമ്പത്തിക വർഷം ബഡ്ജറ്റ് വഴി അനുവദിച്ചത്. ബാക്കി തുക രണ്ടാം ഘട്ടമായി ലഭിക്കും. ബഡ്ജറ്റ് വഴി അനുവദിച്ച തുകയിൽ 22 ലക്ഷം രൂപ പൊലീസ് ആസ്ഥാനത്ത് നിന്നും ലഭിച്ചു. ഹാബിറ്റാറ്റാണ് നിർമ്മാണ പ്രവർത്തനം ഏറ്റെടുത്തിട്ടുള്ളത്. ഇവർക്ക് 22 ലക്ഷം രൂപ ആദ്യ ഗഡുവായി കൈമാറിക്കഴിഞ്ഞു. ബാക്കി തുക ഉടനെ അനുവദിച്ചുകിട്ടും. സി.ഐയ്ക്കും എസ്.ഐമാർക്കും പ്രത്യേകം മുറികളും പരാതിക്കാർക്കും സന്ദർശകർക്കുമുള്ള വിശ്രമ മുറികൾ, ഹാൾ, ടോയ്ലറ്റ് സംവിധാനം, ശിശുസൗഹൃദ മുറി, ലോക്കപ്പ്, മറ്റ് ഉദ്യോഗസ്ഥർക്കുള്ള സൗകര്യങ്ങൾ, വീഡിയോ കോൺഫറൻസ് സംവിധാനങ്ങൾ എന്നിവയടങ്ങുന്ന മനോഹര കെട്ടിടമാണ് നിർമ്മിക്കുന്നത്.

മോക്ഷം കാത്ത്

ഏറെക്കാലമായി വാടക കെട്ടിടത്തിൽ വീർപ്പുമുട്ടുകയാണ് എഴുകോൺ പൊലീസ് സ്റ്റേഷൻ. 2005ൽ ആണ് അര നൂറ്റാണ്ടിലധികം പഴക്കമുള്ള ജീർണിച്ച കെട്ടിടത്തിലെ അസൗകര്യങ്ങൾക്ക് നടുവിലേക്ക് സ്റ്റേഷന്റെ പ്രവർത്തനം മാറ്റിയത്. പഴയൊരു വീട് സ്റ്റേഷന് വേണ്ടി വാടകയ്ക്ക് എടുക്കുകയായിരുന്നു. മുമ്പ് സി.ഐ ഓഫീസ് എഴുകോൺ പഞ്ചായത്ത് കോംപ്ളക്സിലായിരുന്നു. സി.ഐ എസ്.എച്ച്.ഒ ആയതോടെ സ്റ്റേഷനിൽ കൂടുതൽ വീർപ്പുമുട്ടലായി. പത്തുപേർക്ക് ഒന്നിച്ച് സ്റ്റേഷനിൽ നിൽക്കാനുള്ള ഇടമില്ല. വനിതാ പൊലീസുകാരാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. വസ്ത്രം മാറാനോ, വിശ്രമിക്കാനോ ഇടമില്ലാത്ത ദുരിതാവസ്ഥ. തൊണ്ടി മുതലുകൾ സൂക്ഷിക്കാനും ഇടമില്ല. സ്റ്റേഷന് അകത്തും പുറത്തും റോഡിലുമൊക്കെ തൊണ്ടി മുതലാണ്. പാമ്പ് ശല്യവും ഇടയ്ക്കിടെയുണ്ട്. പരാതി നൽകാനെത്തുന്നവരും മറ്റ് വിവിധ ആവശ്യങ്ങൾക്കെത്തുന്നവരും സ്ഥല പരിമിതിയുടെ ബുദ്ധിമുട്ടുകൾ നേരിട്ടനുഭവിക്കുകയാണ്.

ഉദ്യോഗസ്ഥർ വരാന്തയിൽ

എല്ലാ ഉദ്യോഗസ്ഥരം ഹാജരുള്ള ദിവസങ്ങളിൽ സ്റ്റേഷനിൽ സ്ഥലം തികയാറില്ല. പലരും മുറ്റത്തും വരാന്തയിലുമൊക്കെയായി അഡ്ജസ്റ്റ് ചെയ്യേണ്ട സ്ഥിതിയാണ്. സി.ഐ 1,​​ എസ്.ഐമാർ 2,

എ.എസ്.ഐമാർ 3,​ സീനിയർ സിവിൽ പൊലീസ് ഓഫീസർമാർ 9, സിവിൽ പൊലീസ് ഓഫീസർമാർ 24, വനിതാ സിവിൽ പൊലീസ് ഓഫീസർമാർ 4 എന്നിങ്ങനെയാണ് സ്റ്റേഷനിലെ ഉദ്യോഗസ്ഥ നില.