
അഞ്ചൽ: അഞ്ചൽ മേഖലയിൽ മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങുന്നത് പ്രദേശവാസികളെ വലയ്ക്കുന്നു. അഞ്ചൽ വെസ്റ്റ് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽപ്പെട്ട പ്രദേശങ്ങളിലാണ് തുടർച്ചയായി യാതൊരു മുന്നറിയിപ്പുമില്ലാതെ വൈദ്യുതി മുടക്കുന്നത്. വൈദ്യുതി ലൈനിന്റെ മുകളിലൂടെ വളർന്ന് നിൽക്കുന്ന മരച്ചില്ലകൾ വെട്ടുന്നതിന്റെ പേരിലാണ് പലപ്പോഴും ഇവിടെ വൈദ്യുതി മുടങ്ങുന്നത്. മുൻകാലങ്ങളിൽ ഇത്തരം സന്ദർഭങ്ങളിൽ വൈദ്യുതി കട്ട് ചെയ്യുന്നത് മുൻകൂട്ടി ജനങ്ങളെ അറിയിക്കാറുണ്ട്. കഴിഞ്ഞ ദിവസവും രാവിലെ 7 മണി മുതൽ വെസ്റ്റ് സെക്ഷന്റെ പരിധിയിൽപ്പെട്ട പനച്ചവിള പ്രദേശത്ത് ഒരറിയിപ്പുമില്ലാതെ വൈദ്യുതി മുടങ്ങി. ആളുകൾ സെക്ഷൻ ഓഫീസിൽ വിളിച്ച് വിവരം തിരക്കുമ്പോൾ മാത്രമാണ് മരച്ചില്ലകൾ വെട്ടാൻ വൈദ്യുതി മുടക്കിയ വിവരം അറിയുന്നത്. മുൻകൂട്ടി അറിയിക്കാത്തത് നിരന്തരം ചോദ്യം ചെയ്തതിനെ തുടർന്ന് വൈദ്യുതി കട്ട് ചെയ്ത് ഒരു മണിക്കൂറിന് ശേഷം ഉപഭോക്താക്കളുടെ ഫോണിൽ മെസേജുകൾ അയക്കുന്നുണ്ട്. ഇത്തരത്തിൽ അറിയിപ്പില്ലാതെ കറണ്ട് പോകുന്നതിനാൽ കൊവിഡ് രോഗികൾ, പ്രായമായവർ, വിദ്യാർത്ഥികൾ തുടങ്ങിയവർ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.
ഫോൺ എടുക്കുന്നില്ലെന്നും ആക്ഷേപം
പരാതി പറയാൻ സെക്ഷന്റെ ചുമതലയുള്ള അസി. എൻജിനിയറെ വിളിച്ചാൽ ഫോൺ എടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അഞ്ചൽ വെസ്റ്റ് സെക്ഷന്റെ പരിധിയിലുള്ള നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം നടപടികൾക്കെതിരെ വൈദ്യുതി മന്ത്രിയ്ക്കും കെ.എസ്.ഇ.ബി ചെയർമാനും പരാതി നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ.