
പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയോരത്ത് തീ പിടിത്തമുണ്ടായത് വാഹന യാത്രികരെ ആശങ്കയിലാക്കി. ആര്യങ്കാവ് റെയിൽവേ മേൽപ്പാലത്തിന് സമീപത്തെ മുളങ്കൂട്ടത്തിനാണ് തീ പിടിച്ചത്. ഇന്നലെ വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. പുനലൂർ ഫയർഫോഴ്സ് എത്തി തീ അണച്ചതുകാരണം കൂടുതൽ സ്ഥലങ്ങളിലേക്ക് പടർന്നില്ല.
രണ്ടാഴ്ചയായി തുടരുന്ന കനത്ത ചൂട് കാരണം നിരവധി പ്രദേശങ്ങളിൽ ഇതിനകം തീ പിടിത്തമുണ്ടായി.
തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിൽ തീ പിടിത്തം ഉൾപ്പടെയുള്ള അത്യാഹിതങ്ങളുണ്ടായാൽ 40ഓളം കിലോമീറ്റർ അകലെയുള്ള പുനലൂരിൽ നിന്ന് ഫയർഫോഴ്സ് എത്തി വേണം രക്ഷാപ്രവർത്തനം നടത്താൻ.ഇത്രയും ദൂരം സഞ്ചരിച്ച് ആര്യങ്കാവ് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ അവർ എത്തുമ്പോൾ നാട്ടുകാർ തീയണച്ചിരിക്കും എന്നതാണ് അവസ്ഥ.
രണ്ട് മാസം മുമ്പുണ്ടായ കനത്ത മഴയിൽ ഇടപ്പാളയത്തും മറ്റും ഉരുൾപൊട്ടി വ്യാപകനാശം ഉണ്ടായപ്പോഴും പുനലൂരിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് രക്ഷാ പ്രവർത്തനം നടത്തിയത്. ഇക്കാര്യങ്ങൾ കണക്കിലെടുത്ത് തെന്മല കേന്ദ്രമാക്കി ഫയർ സ്റ്റേഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പി.എസ്.സുപാൽ എം.എൽ.എ, മന്ത്രി കെ.രാജൻ, ദുരന്ത നിവാരണ അതോറിട്ടി ചെയർപേഴ്സണും ജില്ലാ കളക്ടറുമായ അഫ്സാന പർവീൺ എന്നിവർക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ ഒരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.