ശാസ്താംകോട്ട: മൈനാഗപ്പള്ളി വെറ്ററിനറി ആശുപത്രിക്ക് മുമ്പിൽ ജനപ്രതിനിധികൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഡോക്ടറില്ലാത്തതിനാൽ മൃഗാശുപത്രിയുടെ പ്രവർത്തനം താളം തെറ്റിയ അവസ്ഥയിലാണ്. മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ പശുഗ്രാമം ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ നടപ്പിലാക്കുന്ന കാര്യത്തിലെ അലംഭാവത്തിൽ പ്രതിഷേധിച്ചാണ് ഗ്രാമപഞ്ചായത്തില ജനപ്രതിനിധികളും ക്ഷീരകർഷകരും മൃഗാശുപത്രിക്ക് മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തിയത്. രാവിലെ തുടങ്ങിയ പ്രതിഷേധം വൈകുന്നേരം വരെ നീണ്ടു. തുടർന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നിന്ന് ഉദ്യോഗസ്ഥർ എത്തി ചർച്ച നടത്തുകയും ആശുപത്രിയിലെ വീഴ്ചകൾ പരിഹരിക്കുമെന്നും പദ്ധതികൾ രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കുമെന്നും ഉറപ്പ് നൽകിയതോടെ സമരം അവസാനിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദ് ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷാജി ചിറയ്ക്കു മേൽ, ആർ. ബിജുകുമാർ, ആർ സജിമോൻ. ബിന്ദു മോഹനൻ, ബിജി, ജലജ രാജേന്ദ്രൻ തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു.