കൊല്ലം: ചിന്നക്കട റെയിൽവേ ഓവർബ്രിഡ്ജിന് സമീപം പാളത്തിൽ കോൺക്രീറ്റ് കഷ്ണം കണ്ടെത്തിയതിനെ തുടർന്ന് ട്രെയിൻ പിടിച്ചിട്ടു.
ഇന്നലെ രാത്രി പത്തോടെയായിരുന്നു സംഭവം. തിരുവനന്തപുരത്തു നിന്ന് വരികയായിരുന്ന കണ്ണൂർ എക്സ് പ്രസ് കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിറുത്താൻ സാവധാനം വരുന്നതിനിടെ ട്രാക്കിൽ എന്തോ കിടക്കുന്നത് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ ട്രെയിൻ നിറുത്തി. അപകടം ഉണ്ടാക്കാൻ ആരോ കരുതിക്കൂട്ടി ചെയ്തതാണെന്നാണ് ആദ്യം കരുതിയത്. പിന്നീട് ആർ.പി.എഫ് സംഘമെത്തി നടത്തിയ പരിശോധനയിൽ ഓവർ ബ്രിഡ്ജിൽ നിന്നു ഇളകി വീണതാകാമെന്ന നിഗമനത്തിലെത്തി. ഏഴ് മിനിറ്റിന് ശേഷം ട്രെയിൻ പുറപ്പെട്ടു.