 
കുന്നത്തൂർ: ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ അറിയാതെയാണ് പ്രസിഡന്റും ഉദ്യോഗസ്ഥരും ചേർന്ന് വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നതെന്ന് ആരോപിച്ച് യു.ഡി.എഫ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങളും യോഗം ബഹിഷ്കരിച്ച ശേഷം ധർണ നടത്തി.
ആസൂത്രണ സമിതി തയ്യാറാക്കി നൽകുന്ന പദ്ധതികൾ സമിതി അറിയാതെ മാറ്റുന്നതായി ഏറെ നാളായി പരാതി ഉയർന്നിരുന്നു. മാറിപ്പോകുന്ന ഘടക സ്ഥാപനങ്ങളിലെ നിർവ്വഹണ ഉദ്യോഗസ്ഥർക്ക് പകരമുള്ളവരെ യഥാസമയം നിയമിക്കാൻ കഴിയാത്തതിനാൽ പദ്ധതി പ്രവർത്തനം ഇഴഞ്ഞ് നീങ്ങുകയായിരുന്നു. ചൈൽഡ് ഡെവലപ്പ്മെന്റ് പ്രൊജക്ട് ഓഫീസർ, ക്ഷീരവികസന ഓഫീസർ,വ്യവസായ ഓഫീസർ, പട്ടികജാതി വികസന ഓഫീസർ, എൽ.എസ്.ജി.ഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവരെ നിയമിക്കുന്നതിലാണ് കാലതാമസം നേരിട്ടത്. ഒരു വർഷത്തിനിടെ 6 തവണ ഡയറി എക്സ്റ്റൻഷൻ ഓഫീസറെ മാറ്റിയത്.ആസൂത്രണ സമിതിയും ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റിയും അംഗീകരിച്ച് നൽകുന്ന ജനോപകാരപ്രദമായ പ്രോജക്ടുകൾ മാറ്റിമറിക്കാനാണെന്ന് യു.ഡി.എഫ് ആരോപിച്ചു.
പ്രതിഷേധം ഡി.സി.സി ജനറൽ സെക്രട്ടറിയും യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡറുമായ വൈ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റും ബ്ലോക്ക് അംഗവുമായ തുണ്ടിൽ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു.അംഗങ്ങളായ എസ്.ശശികല, ലതാ രവി, രാജി രാമചന്ദ്രൻ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങളായ ഐ.ഷാനവാസ്, ഹരി കുന്നുംപുറം,സോമൻ പിള്ള കോട്ടവിള, അർത്തിയിൽ അൻസാരി, ബാബുരാജ്,ഗോപൻ കരിന്തോട്ടുവ തുടങ്ങിയവർ സംസാരിച്ചു.