phot
പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ച കൃത്രിമ കൈ,​ കാൽ യൂണിറ്റ്

പുനലൂർ: പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ നിർദ്ധനർക്ക് സൗജന്യമായി കൃത്രിമ കൈ, കാലുകൾ നിർമ്മിച്ച് നൽകുന്ന യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചു. ശാരീരിക ഔഷധവും പുനരധിവാസവും വകുപ്പിന്റെ നിയന്ത്രണത്തിലാണ് പുതിയ യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചത്. ചിലവേറിയ കൃത്രിമ കൈ, കാലുകളുടെ നിർമ്മാണം താലൂക്ക് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് നടത്താമെന്ന് ആരോഗ്യ വകുപ്പിന് സത്യവാങ്മൂലം നൽകിയതിനെ തുടർന്നാണ് യൂണിറ്റിന് പ്രവർത്തനാനുമതി ലഭിച്ചത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് കൃത്രിമ കൈയും കാലും നിർമ്മിച്ച് അംഗവൈകല്യമുള്ളവർക്ക് ഘടിപ്പിച്ചുനൽകുന്നത്.

അത്യാധുനിക സൗകര്യങ്ങളോടെ പത്ത് നിലയിലാണ് താലൂക്ക് ആശുപത്രി പ്രവർത്തിക്കുന്നത്. എയർകണ്ടിഷൻ സൗകര്യവുമുണ്ട്. നിലവിൽ 22ൽ അധികം ഡോക്ടർമാരാണ് ഇവിടെയുള്ളത്. അയ്യായിരത്തോളം രോഗികളാണ് ദിവസവും ചികിത്സ തേടി പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിലെത്തുന്നത്. കിഫ്ബിയിൽ നിന്ന് ആരോഗ്യമേഖലയിൽ ആദ്യമായി അനുവദിച്ച 68 കോടി രൂപ ചെലവഴിച്ചാണ് പത്ത് നിലയുളള ഹൈടെക് ആശുപത്രിയുടെ പുതിയ കെട്ടിടം പണിത് നാടിന് സമർപ്പിച്ചത്. ഇതിനൊപ്പം കൃത്രിമ കൈ, കാൽ നിർമ്മാണ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ കൂടി ആരംഭിച്ചതോടെ പുനലൂരിലെ താലൂക്ക് ആശുപത്രി ദേശീയ ശ്രദ്ധയാകർഷിക്കുകയാണ്.

അപേക്ഷ നൽകിയത് 30ഓളം പേർ

30ഓളം പേർ ഇതിനകം കൃത്രിമ കൈകാലുകൾ ലഭിക്കാൻ അപേക്ഷ നൽകി കാത്തിരിക്കുകയാണ്. ഇതിൽ കൂലിപ്പണിക്കാരായ രണ്ട് പേർക്ക് കൃത്രിമക്കാൽ ഘടിപ്പിച്ചുകൊണ്ട് യൂണിറ്റിന്റെ പ്രവർത്തനം പി.എസ്. സുപാൽ എം.എൽ.എ നിർവഹിച്ചു. ഫിസിയാട്രിസ്റ്റ് ഡോ. വിപിൻ വിജയന്റെ നേതൃത്വത്തിലാണ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. കൃത്രിമ കൈകാലുകൾ നിർദ്ധനർക്ക് സൗജന്യമായി നൽകാനാണ് ഉദ്ദേശിക്കുന്നതെങ്കിലും ചികിത്സയ്ക്കും മറ്റുമായി ആശുപത്രിയിൽ പ്രത്യേക നിരക്ക് നിശ്ചയിച്ചിട്ടുണ്ട്.

ജില്ലയിൽ ആദ്യം

ജില്ലയിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു സംരംഭം ആരംഭിച്ചത്. ഫിസിയോ തെറാപ്പിസ്റ്റ് വിഭാഗത്തോട് ചേർന്നാണ് കൃത്രിമ അവയവ നിർമ്മാണ യൂണിറ്റിന്റെ പ്രവർത്തനം. ആറുമാസം മുമ്പു തന്നെ മുതൽ കൃത്രിമ കൈ കാലുകളുടെ നിർമ്മാണം ഇവിടെ ആരംഭിച്ചിരുന്നു.