railway
കുണ്ടറ പള്ളിമുക്കിൽ റെയിൽവേ ക്രോസ്

കൊല്ലം: പണമുണ്ടെങ്കിലും കുടുങ്ങിക്കിടക്കുകയാണ് കുണ്ടറ പള്ളിമുക്കിലെയും ഇളമ്പള്ളൂരിയിലെയും റെയിൽവേ ഓവർബ്രിഡ്ജ് നിർമ്മാണം. സ്ഥലമേറ്റെടുക്കലാണ് പ്രധാന പ്രശ്നം.

രൂപരേഖ തയ്യാറാക്കി പണം അനുവദിച്ചിട്ടും സ്ഥലം ഏറ്റെടുക്കൽ നടപടികളിലേക്ക് ഇനിയും കടന്നിട്ടില്ല. ലെവൽ ക്രോസുകളിൽ കുരുങ്ങി ജനം നട്ടംതിരിയുമ്പോഴും ഉത്തരവാദപ്പെട്ടവർ ഗൗനിക്കാത്ത അവസ്ഥ. ഓവർബ്രിഡ്ജിൽ പാളത്തിനു മുകളിൽ വരുന്ന ഭാഗത്തിന്റെ നിർമ്മാണ ജോലികൾ മാത്രമാണ് റെയിൽവേ മന്ത്രാലയം ചെയ്യുന്നത്. അപ്രോച്ച് റോഡിന്റെ സ്ഥലം കണ്ടെത്തുക, റോഡ് നിർമ്മിക്കുക തുടങ്ങിയ ജോലികൾ ചെയ്യേണ്ടത് സംസ്ഥാന സർക്കാരാണ്. അപ്രോച്ച് റോഡിന്റെ നിർമ്മാണത്തിനുളള നടപടി ആരംഭിച്ചപ്പോഴാണ് സ്ഥലമേറ്റെടുപ്പ് പൊല്ലാപ്പായത്.

രണ്ടു ദേശീയ പാതകൾക്കിടയിലുള്ള ഇളമ്പള്ളൂർ ലെവൽ ക്രോസിൽ ഓവർബ്രി‌ഡ്ജ് നിർമ്മിക്കാൻ സ്ഥലപരിമിതി പ്രധാന പ്രശ്നമായി. ദേശീയപാതയും ലെവൽക്രോസും തമ്മിൽ 10 മീറ്റർ ദൂരമേയുളളു. ആറു വർഷം മുൻപ് പളളിമുക്കിൽ സർവ്വേ നടത്തി കല്ലിട്ടു. ഭൂമി വിട്ടുനൽകാൻ ഉടമകൾ തടസം നിന്നു. ബിസിനസിനെ ബാധിക്കുമെന്ന് പറഞ്ഞ് വ്യാപാരികളും രംഗത്തു വന്നു.

 മന്ത്രി എത്തിയിട്ടും

ഈ സാഹചര്യത്തിലാണ് മുൻ മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ ശ്രമഫലമായി പളളിമുക്കിൽ റെയിൽവേ മേൽപ്പാലവും ഫ്ലൈഓവറും ഒരുമിച്ച് നിർമ്മിക്കാനുളള പദ്ധതിക്ക് രൂപം നൽകിയത്. 166.85 കോടി രൂപ കിഫ്ബിയിൽ നിന്ന് അനുവദിക്കുകയും ചെയ്തു. ദേശീയപാതകളിലെ ഗതാഗത കുരുക്ക് പൂർണ്ണമായി ഒഴിവാക്കാൻ കഴിയുമെന്നായിരുന്നു പുതിയ നിർദേശത്തിന്റെ അടിസ്ഥാനം. ഏറ്റെടുക്കേണ്ട ഭൂമിയുടെ അളവിലും കുറവ് വരും. വർഷം ഒന്നര കഴിഞ്ഞിട്ടും തുടർ നടപടികൾ ഉണ്ടാകുന്നില്ല.

..................................

പള്ളിമുക്കിൽ ഓവർബ്രിഡ്ജ് നിർമ്മിക്കാനായി സാദ്ധ്യതാ പഠനം നടന്നു വരുന്നു. കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് ജോലികൾ നടത്തുന്നത്. നടപടികൾ വേഗത്തിലാക്കാനുളള ശ്രമം നടന്നുവരുന്നു

പി.സി. വിഷ്ണുനാഥ് എം.എൽ.എ

പള്ളിമുക്കിൽ ഓവർബ്രിഡ്ജും ഫ്ളൈ ഓവറും നിർമ്മിക്കാനുളള തീരുമാനമെടുത്തിരുന്നു. കിഫ്ബിയിൽ ഫണ്ട്

അനുവദിക്കുകയും ചെയ്തു. തുടർ നടപടികൾ വേഗത്തിലാക്കണം

ജെ.മേഴ്സിക്കുട്ടിയമ്മ, മുൻ എം.എൽ.എ