 
പത്തനാപുരം : ഗ്രാമീണ റോഡുകളുടെ നിർമ്മാണം ഒരു കോടിയിലധികം രൂപ ചെലവിൽ തൊഴിലുറപ്പ് പദ്ധതിയിലൂടെ പൂർത്തീകരിച്ച് തലവൂർ ഗ്രാമ പഞ്ചായത്ത്. 19 ഗ്രാമീണ റോഡുകളുടെ പണിയാണ് ഈവർഷം പൂർത്തിയാകുന്നത്. തത്തമംഗലം ഇ.കെ റോഡ്, നടുത്തേരി വെളിപ്ര ഏലാ റോഡ്, തതോട്ട് - ഇളങ്ങമൺ ഏലാ റോഡ്, രണ്ടാലുംമൂട് തത്തമംഗലം മാധവ് ശേരി റോഡ്, ഞാറക്കാട് ചാമല ചരിവ് ഭാഗം റോഡ്, വടകോട് ചുനക്കര അമ്പലം റോഡ്, കുര വായനശാല തേവര പാറ റോഡ്, ത്രിവേണി കോണത്ത് റോഡ്, പാണ്ടിത്തിട്ട അയനിവേലിൽ നെല്ലിപ്പള്ളി റോഡ്, അമ്പലനിരപ്പ് പേഴുംകാല പുത്തൻപുര റോഡ്, പറങ്കിമാമുകൾഭാഗം റോഡ്, മേലേപുര കാത്തവിള റോഡ്, പഴഞ്ഞികടവ് തൊയിതല ഗുരുമന്ദിരം റോഡ്, പിടവൂർ വിളയിൽ പടി ഉറവപ്പാറ റോഡ്, പനമ്പറ്റ മോരുവേലിൽ ഭാഗം റോഡ്, മഞ്ഞക്കാല കല്ലുപാലം കുരിശുംമൂട് റോഡ്, അരങ്ങട കരിങ്ങോട്ട് ഭാഗം റോഡ് എന്നിവയുടെ നവീകരണമാണ് ഈ വർഷം പൂർത്തിയാകുന്നത്.
ഇതുകൂടാതെ കാലിത്തൊഴുത്ത്, ആട്ടിൻ കൂട്, കോഴിക്കൂട്, കുടിവെള്ള കിണർ, കമ്പോസ്റ്റ് പിറ്റ് എന്നിവയും പദ്ധതിയിലുൾപ്പെടുത്തി വിവിധ വാർഡുകളിൽ പൂർത്തീകരിച്ചു വരുകയാണ്. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള തൊഴിലുറപ്പ് പദ്ധതിയിലെ മെറ്റീരിയൽ വർക്കുകളുടെ എസ്റ്റിമേറ്റെടുക്കുന്നതിന്റെ നടപടി പുരോഗമിക്കുന്നുണ്ട്. ഗ്രാമ പഞ്ചായത്തിലെ മുഴുവൻ റോഡുകളും ഗതാഗതയോഗ്യമാക്കുകയാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് വി.എസ്. കലാദേവിയും വൈസ് പ്രസിഡന്റ് നെടുവന്നൂർ സുനിലും പറഞ്ഞു.