
 തെളിഞ്ഞത് ഡി.എൻ.എ പരിശോധനയിൽ
പത്തനാപുരം: തലവൂർ ഗ്രാമപഞ്ചായത്തിലെ അമ്പലനിരപ്പ് പോസ്റ്റ് ഓഫീസിന് സമീപമുള്ള സ്വകാര്യ റബർ പുരയിടത്തിൽ കണ്ടെത്തിയ, ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം പട്ടാഴി പന്തപ്ലാവ് ശ്രീലക്ഷ്മി വിലാസത്തിൽ രാമകൃഷ്ണന്റേതാണെന്ന് (58) ഡി.എൻ.എ പരിശോധനയിൽ വ്യക്തമായി. പ്രദേശവാസികളായ രണ്ടുപേർക്കൊപ്പം ചക്കയിടാനായി ഇവിടേക്ക് രാമകൃഷ്ണൻ പോവുന്നത് നാട്ടുകാർ കണ്ടിരുന്നു. പ്ളാവിൽ നിന്നു വീണ് മരണം സംഭവിച്ചതാവാമെന്ന് കരുതുന്നു. സമീപത്തു കിടന്നിരുന്ന ഇരുമ്പു തോട്ടിയും അന്വേഷണത്തിന് സഹായകരമായി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കുറ്റക്കാർക്കെതിരെ തുടർ നടപടികൾ സ്വീകരിക്കുമെന്ന് കുന്നിക്കോട് എസ്.എച്ച്.ഒ മുബാറക്ക് അറിയിച്ചു.
കഴിഞ്ഞ ഡിസംബർ 19നാണ് സംഭവം. സമീപത്ത് വീടുപണിക്കെത്തിയവർ കടുത്ത ദുർഗന്ധം മൂലം നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. തുടർന്ന് കുന്നിക്കോട് പൊലീസിനെ വിവരമറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിൽ തിരിച്ചറിയാനാവാത്ത വിധം ജീർണിച്ച്, എല്ലുകൾ തെളിഞ്ഞ നിലയിലായിരുന്നു മൃതദേഹം. തെരുവ് നായ്ക്കൾ കടിച്ചുവലിച്ച് ശരീരഭാഗങ്ങൾ പ്രദേശമാകെ വ്യാപിച്ചിരുന്നു.
റബർ തോട്ടവും കൃഷിഭൂമിയും ഉൾപ്പെടുന്ന വിജനമായ ഈ പ്രദേശത്തേക്ക് അധികമാരും എത്താറില്ല. ടാപ്പിംഗിന് പാകമായി വരുന്ന റബർ മരങ്ങളുടെ ഭാഗത്തായതിനാൽ മൃതദേഹം കണ്ടിടത്ത് ആൾപ്പെരുമാറ്റം അപൂർവ്വമാണ്. പ്രദേശത്ത് കൂലിപ്പണി നടത്തി കടത്തിണ്ണകളിലും മറ്റും കഴിഞ്ഞിരുന്ന രാമകൃഷ്ണനെ ദിവസങ്ങളായി കാണാനില്ലായിരുന്നു. സംശയത്തെ തുടർന്നാണ് ബന്ധുക്കളുടെ രക്തസാമ്പിളുകൾ ശേഖരിച്ച് ഡി.എൻ.എ പരിശോധനയ്ക്കയച്ചത്.
 വഴികാട്ടിയ തോട്ടി
തലവൂർ അമ്പലനിരപ്പിലുളള രണ്ടുപേർ ഡിസംബർ ആറിന് രാവിലെ ചക്കയിടാനായി രാമകൃഷ്ണനെ പറമ്പിലേക്ക് കൂട്ടിക്കൊണ്ടു പോയിരുന്നു. കയറുന്നതിനിടെ പ്ലാവിൽ നിന്നു പിടിവിട്ട് രാമകൃഷ്ണൻ താഴെവീണെന്നും ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കാനോ മറ്റുള്ളവരോട് വിവരം പറയാനോ തയ്യാറാകാതെ ഒപ്പമുണ്ടായിരുന്നവർ കടന്നു കളഞ്ഞു എന്നുമാണ് പൊലീസ് നിഗമനം. ചക്കയടർത്താൻ കൊണ്ടുപോയ ഇരുമ്പ് തോട്ടി സ്ഥലത്ത് നിന്നു മാറ്റാനും ഇവർ മറന്നു. തോട്ടിയെ ചുറ്റിപ്പറ്റിയുളള അന്വേഷണമാണ് ഇവരിലേക്ക് എത്തിയത്.
.................................
അച്ഛൻ മാനസിക പ്രശ്നങ്ങളുള്ള ആളാണ്. വീട്ടിൽ തങ്ങാറില്ല. വല്ലപ്പോഴും വരും, പോകും. പ്ലാവിൽ നിന്നു വീണിട്ട് ആശുപത്രിയിൽ പോലും അവർ എത്തിച്ചില്ല. തെരുവ് നായയുടെ വിലപോലും നൽകിയില്ല. ഈ ക്രൂരതയ്ക്കെതിരെ റൂറൽ പൊലീസ് മേധാവിക്ക് പരാതി നൽകിയട്ടുണ്ട്. പൊലീസിൽ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ
ബിന്ദുശ്രീ, രാമകൃഷ്ണന്റെ മകൾ
രാമകൃഷ്ണന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടില്ല. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് കുറ്റവാളികളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. പ്രദേശവാസികളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണ്. പ്ലാവിൽ കയറിയപ്പോൾ വീണ് അപകടം സംഭവിച്ചതാകാം
മുബാറഖ്, എസ്.എച്ച്.ഒ, കുന്നിക്കോട്