karavoor
സംസ്ഥാന ഫാമിംഗ് കോർപ്പറേഷനിലെ തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എസ്.എഫ്.സി.കെ, വർക്കേഴ്സ് ഫെഡറേഷന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ ആരംഭിക്കുന്ന സമരത്തിന് മുന്നോടിയായി സംഘടിപ്പിച്ച എസ്റ്റേറ്റുതല സമരപ്രഖ്യാപന കൺവെൻഷനും അംഗത്വവിതരണ കാമ്പയിനും പ്രസിഡന്റ് കറവൂർ എൽ. വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

പത്തനാപുരം : സംസ്ഥാന ഫാമിംഗ് കോർപ്പറേഷനിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എസ്.എഫ്.സി.കെ, വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ ആരംഭിക്കുന്ന സമരത്തിന് മുന്നോടിയായി എസ്റ്റേറ്റുതല സമരപ്രഖ്യാപന കൺവെൻഷനും അംഗത്വവിതരണ കാമ്പയിനും ആരംഭിച്ചു. മുള്ളു മലയിൽ ചേർന്ന കൺവെൻഷൻ ഫാം വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) പ്രസിഡന്റ് കറവൂർ എൽ. വർഗീസ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് രാജേഷ് അദ്ധ്യക്ഷനായി. കൺവീനർ മനു സ്വാഗതം പറഞ്ഞു. മാനേജ്മെന്റിന് നൽകിയ ഡിമാന്റ് നോട്ടീസ് ചർച്ച ചെയ്ത് പരിഹാരമുണ്ടാക്കിയില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഫാം വർക്കേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് കറവൂർ എൽ. വർഗീസും സെക്രട്ടറി എസ്. ഷാജിയും അറിയിച്ചു. മുള്ളുമല എൺപതിലെ കുടിവെള്ള പ്രശനം ഉടൻ പരിഹരിക്കുക, വന്യമൃഗശല്യത്തിൽ നിന്ന് തൊഴിലാളികൾക്ക് സംരക്ഷണം ഉറപ്പാക്കുക, ടാപ്പിംഗ് ബ്ലോക്കുകളിലെ കാട് നീക്കം ചെയ്യുക, റീ- പ്ലാന്റിംഗ് തൈകൾ സംരക്ഷിക്കുക, 100 ദിവസം തികഞ്ഞ എല്ലാവർക്കും കാർഡ് നൽകുക, കാർഡ് ലഭിച്ചവരെ സീനിയോരിറ്റി മാനദണ്ഡമാക്കി സ്ഥിരപ്പെടുത്തുക തുടങ്ങിയ 20 ഇന ആവശ്യങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കണമെന്നാണ് ആവശ്യം.